ന്യൂഡൽഹി: രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പർ സംബന്ധിച്ച വ്യാജപ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ടെലഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന നീറ്റ് യു.ജി ചോദ്യപേപ്പർ സംബന്ധിച്ച വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് എൻ.ടി.എ മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചോദ്യപേപ്പറുകൾ സംബന്ധിച്ച പോസ്റ്റുകൾ വ്യാജമാണെന്നും അവക്കായി പണം നൽകരുതെന്നും വിദ്യാർഥികളോട് എൻ.ടി.എ അഭ്യർഥിച്ചു. ഇത്തരം ചാനലുകൾ തടയാൻ നടപടി സ്വീകരിക്കുന്നുണ്ട്. എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും പങ്കുവെക്കുന്ന അപ്ഡേറ്റുകൾ മാത്രം ശ്രദ്ധിക്കണമെന്നും എൻ.ടി.എ വിദ്യാർഥികളോട് അഭ്യർഥിച്ചു. ടെലഗ്രാമിലും വാട്സ്ആപിലും പ്രചരിക്കുന്ന രഹസ്യ രേഖകളും മെറ്റീരിയലുകളും വ്യാജമാണ്. നിലവിലെ പണം തട്ടിപ്പുകളുടെ ഭാഗമാണ് ഇതും. ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ചുവരുന്നതായും എൻ.ടി.എ കൂട്ടിച്ചേർത്തു.
10,000 രൂപ അടച്ചാൽ നീറ്റ് യു.ജി ചോദ്യപേപ്പറുകൾ നൽകാമെന്ന് അറിയിച്ചാണ് ടെലഗ്രാം ചാനലുകളിലൂടെയും വാട്സ്ആപിലൂടെയും തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം തട്ടിപ്പിന്റെ ലിങ്കുകളും ചാനലുകളും ടാഗ് ചെയ്ത് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് എൻ.ടി.എയോട് നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. മേയ് മൂന്നിനാണ് നീറ്റ് യു.ജി പരീക്ഷ. അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ അവസാനത്തോടെ വിദ്യാർഥികൾക്ക് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.