തിരുവനന്തപുരം: പഠന മികവ് തിരിച്ചറിയാൻ ചോദ്യങ്ങളുടെ കടുപ്പം കൂട്ടിയപ്പോൾ എസ്.എസ്.എൽ.സിക്ക് പിന്നാലെ, ഹയർ സെക്കൻഡറിയിലും എ പ്ലസുകാരുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷം 39,242 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുണ്ടായിരുന്നത് ഇത്തവണ 30,145 ആയാണ് കുറഞ്ഞത്. 90 ശതമാനവും അതിന് മുകളിലും മാർക്കുള്ളവരെയാണ് എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. പഠനത്തിൽ ഏറ്റവും മികവ് പുലർത്തേണ്ടവർ എത്തേണ്ട നേട്ടമാണ് എ പ്ലസെങ്കിലും ഏതാനും വർഷങ്ങളായി ശരാശരി നിലവാരത്തിന് മുകളിൽ ഉയരാത്ത ചോദ്യങ്ങളും മൂല്യനിർണയത്തിലെ ഉദാരതയും കാരണം എ പ്ലസുകാരുരെ എണ്ണം ഓരോ വർഷവും വർധിക്കുന്നതായിരുന്നു പ്രവണത. ഇത് ഉപരിപഠന മേഖലകളിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് ചോദ്യങ്ങളിൽ 30 ശതമാനം ലളിതവും 50 ശതമാനം ശരാശരി നിലവാരത്തിലും 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതുമായിരിക്കണമെന്നുമുള്ള മാർഗരേഖ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. 20 ശതമാനം ചോദ്യങ്ങൾ പഠിതാവിന് വെല്ലുവിളി ഉയർത്തുന്നത് വന്നതോടെയാണ് എ പ്ലസിൽ വൻ ഇടിവുണ്ടായത്. സയൻസ് വിഷയങ്ങളിൽ ഇത് പ്രകടവുമാണ്.
ഇത്തവണ വിദ്യാർഥികൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തിയ കെമിസ്ട്രിയിൽ ഇതിനനുസൃതമായി എ പ്ലസുകാരുടെ എണ്ണത്തിലും കുറവുണ്ടായി. ഫിസിക്സിലും ബയോളജിയിലും മാത്സിലുമെല്ലാം എ പ്ലസ് എണ്ണം കുറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ വർഷം 71,831 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ടായിരുന്നത് ഇത്തവണ 61,449 ആയി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹയർ സെക്കൻഡറിയിൽ എ പ്ലസ് എണ്ണത്തിൽ 9097 ന്റെ കുറവുണ്ടായത്. പരീക്ഷ വിജയ ശതമാനവും എ പ്ലസുകാരുടെ എണ്ണം ഉയർത്തിയുമുള്ള ‘നേട്ടം’ വേണ്ടെന്നുവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായതിന്റെ സൂചന കൂടിയാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ഫലങ്ങളിൽ പ്രകടമാകുന്നതെന്നാണ് വിലയിരുത്തൽ. നിലവാരമുള്ള ഫലമാണ് ഇത്തവണ പ്രസിദ്ധീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിക്കുന്നതും പരീക്ഷയുടെ നിലവാരമുയർത്തിയതിന്റെ തുടർച്ചയായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.