ഇന്ത്യയിലെ ആദ്യ ‘കാർബൺ ഗാർഡൻ’ ഡൽഹി സർവകലാശാലയിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ കാർബൺ ഗാർഡൻ ഒരുക്കി ഡൽഹി സർവകലാശാല. സർവകലാശാലയുടെ ബോട്ടണി വകുപ്പിന് മുന്നിലാണ് 2000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കാർബൺ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് വായു മലിനീകരണം കൂടുന്ന സാഹചര്യത്തിലാണ് സർവകലാശാലയുടെ പരിഹാര നടപടി.

ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രഫ. യോഗേഷ് സിങ് വ്യാഴാഴ്ച ഗാർഡൻ ഉദ്ഘാടനം ചെയ്തു. 50 ഇനം സസ്യങ്ങളാണ് കാർബൺ ഗാർഡനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഗാർഡനിൽനിന്ന് വ്യത്യസ്തമായി ജൈവ വൈവിധ്യ പാർക്ക് എന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, മരങ്ങൾ എന്നിവക്കൊപ്പം ആൽഗകൾ, ഫംഗസുകൾ, ബാക്ടീരിയകൾ തുടങ്ങി വിവിധതരം സൂക്ഷ്മ ജീവികളെയും ഗാർഡനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാർബൺ ഗാർഡനുകൾ സർവകലാശാലയിലെ മറ്റ് വകുപ്പുകളിലും കോളജുകളിലും സ്ഥാപിക്കണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു. ഡൽഹിയിലെ വർധിച്ചുവരുന്ന മലിനീകരണത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ രാജ്യ തലസ്ഥാനം ‘മലിനീകരണ തലസ്ഥാനമായി’ മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ബോട്ടണി വകുപ്പ് മേധാവി പ്രഫ. ദിനബന്ധു സാഹൂവാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. മലിനീകരണം തടയുന്നതിനൊപ്പം നഗരപ്രദേശങ്ങളിൽ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ചെറിയ സ്ഥലത്ത് നിരവധി സസ്യങ്ങളെയും സൂക്ഷ്മജീവികളെയും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത കാർബൺ ഗാർഡൻ മലിനീകരണം നേരിടുന്ന മറ്റ് നഗരങ്ങളിലും നടപ്പാക്കാവുന്ന മാതൃകയാണെന്ന് ഡൽഹി സർവകലാശാല വ്യക്തമാക്കുന്നു.

Tags:    
News Summary - DU Inaugurates Indias First Carbon Garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.