ചിലരെ മാത്രം കൊതുകുകൾ കൂടുതൽ കടിക്കുന്നതെന്തുകൊണ്ട്? കൊതുകിന്റെ തലച്ചോർ പഠിക്കാൻ ഐ.ഐ.ടി കാൺപൂർ

ന്യൂഡൽഹി: ഒരു മുറിയിൽ പലരും ഇരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകൾ തിരഞ്ഞുപിടിച്ചു കടിക്കും. എന്നാൽ, ചിലരെ ​കൊതുക് നോക്കുക പോലും ചെയ്യില്ല. അതിന്റെ കാരണമെന്താകും? ഈ ചോദ്യത്തിന് ഉത്തരം ക​ണ്ടെത്താനുള്ള ശ്രമത്തിലാണ് ഐ.ഐ.ടി കാൺപൂരിലെ ഗവേഷകർ.

കൊതുകിന്റെ തലച്ചോറും ഗന്ധം തിരിച്ചറിയാനുള്ള സംവിധാനവും പഠിച്ചാണ് ഗവേഷണം. കണ്ടെത്തലുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കുന്ന പുതിയ മാർഗങ്ങളിലേക്ക് നയിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഐ.ഐ.ടി കാൺപൂരിലെ മെഹ്ത ഫാമിലി സെന്റർ ഫോർ എൻജിനീയറിങ് ഇൻ മെഡിസിനിലെ പ്രഫസർ നിതിൻ ഗുപ്തയുടെ നേതൃത്വത്തിലാണ് പഠനം. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെയാണ് പഠിക്കുക.

മനുഷ്യശരീരത്തിൽ നിന്ന് പുറത്തുവരുന്ന വിവിധ രാസസിഗ്നലുകളാണ് കൊതുകുകൾ മനുഷ്യരെ കണ്ടെത്താൻ ഉപയോഗിക്കുന്നത്. ചർമത്തിന്റെ ഗന്ധം, വിയർപ്പ്, ചർമത്തിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾ സൃഷ്ടിക്കുന്ന രാസഘടകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഏത് ഗന്ധങ്ങളാണ് കൊതുകുകളെ മനുഷ്യരിലേക്ക് ആകർഷിക്കുന്നതെന്നും ഏതൊക്കെയാണ് അവയെ അകറ്റുന്നതെന്നും തിരിച്ചറിയുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. കൂടാതെ കൊതുകുകൾ മനുഷ്യരെ കണ്ടെത്താൻ ആശ്രയിക്കുന്ന കൃത്യമായ സിഗ്നലുകൾ തിരിച്ചറിയാൻ കഴിഞ്ഞാൽ കൊതുകുനിയന്ത്രണത്തിന് പുതിയ തന്ത്രങ്ങൾ വികസിപ്പിക്കാൻ സാധിക്കുമെന്നും ഗവേഷകർ കരുതുന്നു.

പെൺകൊതുക് മനുഷ്യന്റെ രക്തം കുടിച്ചതിന് ശേഷമുള്ള തലച്ചോറിലെ മാറ്റങ്ങളും പഠനത്തിന്റെ ഭാഗമാക്കും. രക്തം കുടിക്കുന്നതിന് മുമ്പ് ഇരകളെ കണ്ടെത്തി കടിക്കുന്നതിലാണ് കൊതുകിന്റെ പ്രധാന ശ്രദ്ധ. എന്നാൽ, രക്തം കുടിച്ചുകഴിഞ്ഞാൽ അവ മുട്ടയിടാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലേക്ക് ശ്രദ്ധ തിരിക്കും. ഈ പെരുമാറ്റമാറ്റത്തിന് പിന്നിലെ ന്യൂറൽ സർക്യൂട്ടുകൾ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് ഗവേഷകർ ശ്രമിക്കുന്നത്. മനുഷ്യരിൽനിന്നുള്ള വിവിധ ഗന്ധസിഗ്നലുകൾ എങ്ങനെ കൊതുകിന്റെ തലച്ചോറിൽ എത്തുകയും പിന്നീട് പ്രത്യേക പെരുമാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നതാണ് പഠനത്തിലെ പ്രധാന വിഷയം.

ഗന്ധവുമായി ബന്ധപ്പെട്ട വിവരങ്ങൾ തലച്ചോറിൽ എങ്ങനെ പ്രോസസ് ചെയ്യുന്നുവെന്ന് മനസ്സിലാക്കാൻ ആധുനിക ജനിതക സാങ്കേതികവിദ്യകളും ഗവേഷകർ ഉപയോഗിക്കും. ഇതിൽ CRISPR Cas9 പോലുള്ള ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയും ഉൾപ്പെടും.

Tags:    
News Summary - Why Mosquitoes Bite Some People More IIT Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.