ന്യൂഡൽഹി: യു.ജി.സിയുടെ പുതിയ ചട്ടം ഡൽഹി സർവകലാശാല (ഡി.യു)നടപ്പിലാക്കിയപ്പോൾ മിക്ക പഠന വകുപ്പുകളിലും എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിൽ എണ്ണാൻ പോലും പട്ടിക വിഭാഗത്തിൽപ്പെട്ടവരില്ല. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് വേണമെന്ന യു.ജി.സി ചട്ടം ഡി.യു നടപ്പാക്കിയത് എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയും ബാധിച്ചിട്ടുണ്ട്. 30 സീറ്റുള്ള ചരിത്രവകുപ്പിൽ പിഎച്ച്.ഡി പ്രവേശനത്തിന് മൂന്നുപേർ മാത്രമാണ് യോഗ്യത നേടിയത്.
ജനറൽ വിഭാഗത്തിലെ രണ്ടും ഒ.ബി.സി വിഭാഗത്തിലെ ഒരു വിദ്യാർഥിയും. 27 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 35 സീറ്റുള്ള മോഡേൺ ഇന്ത്യൻ ലാംഗ്വേജ് വിഭാഗത്തിൽ പിഎച്ച്.ഡിക്ക് ജനറൽ വിഭാഗത്തിൽ ഏഴും ഒ.ബി.സി വിഭാഗത്തിൽ ഒന്നും അടക്കം എട്ട് വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. എസ്.എസ്.ടി വിഭാഗത്തിൽപ്പെട്ട ആരുമില്ല. 27 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
എജുക്കേഷൻ, സൈക്കോളജി, ബോട്ടണി, ആഫ്രിക്കൻ സ്റ്റഡീസ് തുടങ്ങി മിക്ക പഠന വകുപ്പുകളിലും സമാനമാണ് അവസ്ഥ. കഴിഞ്ഞവർഷം ചേർന്ന ഡൽഹി സർവകലാശാല അക്കാദമിക് ആൻഡ് എക്സിക്യൂട്ടിവ് കൗൺസിലിലാണ് പുതിയ അധ്യാന വർഷം മുതൽ പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് വേണമെന്ന യു.ജി.സിയുടെ ചട്ടം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതോടെ, ഗവേഷണത്തിന് ദേശീയതലത്തിൽ സ്കോളർഷിപ് ലഭിച്ച വിദ്യാർഥികളടക്കമാണ് പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.