ഡോ. കെ.പി. ഹരിദാസൻ, ഡോ. കെ.എൻ. ഗണേഷ്

'ഇത് ഒരു മരണത്തെ പറ്റിയാണ്; ഗവേഷകർക്കും ജീവിതം വേണം, യുവത്വം സർവകലാശാലകളിൽ ഹോമിക്കപ്പെടാൻ മാത്രമുള്ളതല്ല'

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗത്തിലെ ഗവേഷകനായിരുന്ന ഡോ. കെ.പി. ഹരിദാസൻ ഏതാനും ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. വർഷങ്ങൾ നീണ്ട ഗവേഷണം പൂർത്തിയായി മാസങ്ങൾ തികയും മുമ്പേ ആഗ്രഹങ്ങൾ ബാക്കിയാക്കി ഹരിദാസൻ വിടപറയുകയായിരുന്നു. സ്ഥിരം ജോലിയോ വരുമാനമോ ഇല്ലാതെ, യൗവനം മുഴുവൻ ഗവേഷണത്തിനായി ചെലവഴിച്ച്, 38ാം വയസിൽ അവിവാഹിതനായാണ് ഹരിദാസൻ വിടപറയുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ, കടുത്ത അരക്ഷിതാവസ്ഥയും അസംതൃപ്തിയും നിലനിൽക്കുന്ന, അവഗണന നേരിടുന്ന ഗവേഷണ മേഖലയെ കുറിച്ച് പറയുകയാണ് ചരിത്രകാരനും അധ്യാപകനുമായ ഡോ. കെ.എൻ. ഗണേഷ്.

ഡോ. ഹരിദാസന്‍റെ മരണം ഒരു ചൂണ്ടുപലകയാണെന്നും നീറ്റ് പരീക്ഷയുടെ പ്രാധാന്യം പോലും വർഷങ്ങൾ നീണ്ട ഗവേഷണം നടക്കുന്ന മേഖലക്ക് ലഭിക്കുന്നില്ലെന്നും ഡോ. കെ.എൻ. ഗണേഷ് ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ആപ്പ് വഴി പഠിച്ച് യോഗ്യതാ പരീക്ഷ പാസാകുന്ന കുട്ടിയുടെ പത്തിലൊന്ന് വിലപോലും ജീവിതത്തിന്‍റെ യുവത്വം മുഴുവനും ഗവേഷണം ചെയ്തതിന് ശേഷം ഗവേഷകന് ലഭിക്കുന്നില്ല. എന്താണ് ഒരു ഗവേഷകൻ ചെയ്യുന്നതെന്ന് ആരും ചോദിക്കുന്നില്ല. സമൂഹത്തിനായി എന്തെങ്കിലും സംഭാവന ചെയ്യാമോയെന്ന് ആരും ചോദിക്കുന്നില്ല.

ഗവേഷകർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സൂര്യന് താഴെയുള്ള സകല കാര്യങ്ങളിലും അഭിപ്രായം പറയുന്ന ബുദ്ധിജീവികൾ പോലും നിശ്ശബ്ദരാവുകയാണ്. ഗവേഷണം വരേണ്യ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടത് മാത്രമല്ല. കേരളത്തിലെ യുവാക്കൾ സർവകലാശാലകളിൽ ഹോമിക്കപ്പെടാൻ മാത്രമല്ലെന്ന് ഉന്നതവിദ്യാഭ്യാസം നിയന്ത്രിക്കുന്ന ബുദ്ധിജീവികളും വന്ദ്യപിതാക്കളും സമുദായ നേതാക്കളും കച്ചവടക്കാരും രാഷ്ട്രീയക്കാരും ഇനിയെങ്കിലും മനസിലാക്കണം. ഗവേഷകർക്ക് മാന്യമായ തൊഴിലും ജീവിതവൃത്തിയും ഉറപ്പുവരുത്തണം -കെ.എൻ. ഗണേഷ് പറയുന്നു.

ഫേസ്ബുക് പോസ്റ്റ് പൂർണരൂപം വായിക്കാം...

ഇതു ഒരു മരണത്തെ പറ്റിയാണ്. കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം വിദ്യാർത്ഥിയും ഗവേഷകനും കുറച്ചു കാലം അധ്യാപകനുമായിരുന്ന കെ. പി ഹരിദാസൻ ഹൃദയാഘാതം മൂലം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തെട്ട് വയസ്സായിരുന്നു.

അത്തരം ഒരു മരണക്കുറിപ്പു മൂടിവയ്ക്കുന്ന ഒരു യാഥാർഥ്യമുണ്ട്. ഹരിദാസന് ഒരു കുടുംബമുണ്ടായിരുന്നു പി എച് ഡി ലഭിച്ചിട്ടും സ്ഥിരം തൊഴിൽ ഇല്ലായിരുന്നു. പ്രണയം, വിവാഹം സുഖകരമായ ജീവിതം തുടങ്ങിയവയെ കുറിച്ച് മറ്റെല്ലാ ചെറുപ്പകാരെപ്പോലെ ഹരിദാസനും സ്വപ്നങ്ങളുണ്ടായിരുന്നു ഒരു സ്ഥിരം തൊഴിൽ ലഭിക്കാത്തതിനെ സംബന്ധിച്ച് വേവലാതികളുണ്ടായിരുന്നു. അനുദിനം കാർന്നു തിന്നുന്ന രോഗാതുരതയെക്കുറിച്ചും ആകുലതകളുണ്ടായിരുന്നു പി എച് ഡി അവാർഡ് ചെയ്തിട്ടും അതിലൊന്നും സാഫല്യം കണ്ടെത്താതെയാണ് ഹരിദാസൻ പോയത്.

2003ലാണ് ഹരിദാസൻ ഒരു എം എ വിദ്യാർത്ഥിയായി ചരിത്രവിഭാഗത്തിൽ വരുന്നത്. അയാളോടൊപ്പം ചേർന്ന നിരവധി വിദ്യാര്ഥികളുണ്ട്. സാധാരണനിലയിൽ എം എ ഉന്നതബിരുദമാണ്. അതു കഴിഞ്ഞവർക്ക് എന്തെങ്കിലും തൊഴിൽ നൽകാൻ സമൂഹം, ഭരണാധികാരികൾ ബാധ്യസ്ഥരാണ്. അതൊന്നും ഉണ്ടാകുന്നില്ല ഹരിദാസനോടൈപ്പാം ഉന്നത വിദ്യാഭ്യാസത്തിനു ചേർന്ന നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭിച്ചിട്ടില്ല. ഒരു NEET പരീക്ഷക്ക്‌ റാങ്ക് കിട്ടിയവരുടെ പിന്നാലെ പരക്കം പായുന്ന നമുക്ക് ഒരു പി എച് ഡി ബിരുദം അയാൾ വർഷങ്ങൾ ചെലവിട്ടു നടത്തുന്ന ഗവേഷണം ഒന്നുമല്ല എന്താണ്‌ അയാൾ ചെയ്തത് എന്ന് പോലും ആരും ചോദിക്കുന്നില്ല. അയാൾക്ക് നിലവിൽ നടക്കുന്ന പ്രശ്നങ്ങളിൽ. എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമോ എന്ന് ആരും ചോദിക്കുന്നില്ല. ഹരിദാസൻ ചെയ്തത് സിനിമയുടെ ചരിത്റമാണ്. അയാൾക്ക് സിനിമയെ പറ്റി വല്ലതുമറിയുമോ എന്ന് പോലും ആരും ചോദിച്ചിട്ടില്ല. സിനിമയെ കുറിച്ച് വാതോരാതെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവർ ഹരിദാസനെ കുറിച്ച് കേട്ടുകാണില്ല. ഹരിദാസനെപ്പോലുള്ള പലരും ജീവിക്കുന്നത് ട്യൂഷനെടുത്താണ്. ഒരാൾ പി എസ് സി തെരഞ്ഞെടുത്ത നൈറ്റ്‌ വാച്ച്മാൻ ആണ്. അസ്ഥിരത്തൊഴിലാളികൾ ഇവരിൽ ധാരാളമാണ്. കേരളത്തിലെ കലാലയങ്ങൾ നടത്തുന്ന സമുദായികക്കോയ്മകൾക്ക് ഇത്തരക്കാരെയൊന്നും വേണ്ട. സ്വന്തം കിടപ്പാടം പണയം വെച്ചു ലക്ഷങ്ങൾ ഉണ്ടാക്കി നല്കുന്നവരിലാണ് ഇവർക്ക് താല്പര്യം. സ്വന്തം സമുദായനേതാക്കളുടെ കത്തും കൂടെ വേണം.പി എസ് സി ലിസ്റ്റാണ് പലരുടെയും ആശ്രയം. അല്ലെങ്കിൽ സർവകലാശാലകളിൽ കയറണം. അവിടെയും തൊഴിൽ കിട്ടുന്നില്ലെന്ന് വരുന്നതോടെയാണ് പ്രശ്നം ഗുരുതരമാകുന്നത്. ഇത്തരം ഉന്നതവിദ്യാഭ്യാസ ഭീഭത്സതക്കെതിരെ ഒരക്ഷരം പറയാൻ ആരും തയ്യാറല്ല. സൂര്യന് താഴെയുള്ള സകലകാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയുന്ന ബുദ്ധിജീവികൾ പോലും ഇക്കാര്യത്തിൽ നിശ്ശബ്ദരാണ്. ചിലരെയെങ്കിലും ജോലി നേടിയെടുക്കാനുള്ള സ്വന്തം ചെയ്തികൾ വേട്ടയാടുന്നുണ്ടാകാം.

ഹരിദാസൻ ഒരു ചൂണ്ടുപലകയാണ്. ബൈജൂസ്‌ ആപ്പ് വഴി പഠിച്ചു യോഗ്യതാപരീക്ഷ പാസ്സാകുന്ന ഒരു കുട്ടിയുടെ പത്തിലൊന്നു വിലപോലും ജീവിതത്തിന്റെ യുവത്വം മുഴുവനും ഗവേഷണം ചെയ്തതിന് ശേഷം താൻ ഒന്നുമല്ലെന്ന് തിരിച്ചറിയുന്ന, തനിക്കു നഷ്ടപ്പെട്ടുപോയ യുവത്വം തിരിച്ചുപിടിക്കാൻ കഴിയുകയില്ലെന്നും അറിയുന്ന ഒരാളുടെ ഭീകരാവസ്ഥ. ഇന്ന് ഉന്നതവിദ്യാഭ്യാസം നിയന്ത്രിക്കുന്ന ബുദ്ധിജീവികളും വന്ദ്യപിതാക്കളും സമുദായനേതാക്കളും കച്ചവടക്കാരും രാഷ്ട്രീയക്കാരും ഇനിയെങ്കിലും കേരളത്തിലെ യുവാക്കൾ സർവ കലാശാലകളിൽ ഹോമിക്കപ്പെടാനുള്ളതല്ലെന്നു മനസ്സിലാക്കണം. ഗവേഷണം വരേണ്യസ്ഥാപനങ്ങളിൽ നിന്നു ഇറക്കുമതി ചെയ്യേണ്ടതല്ലെന്നും അവിടെ ചെയ്യുന്നവരും ഇവിടെ ചെയ്യുന്നവരും തമ്മിൽ ബുദ്ധിശക്തിയിലോ പ്രാപ്തിയിലോ ഒരു വ്യത്യാസവുമില്ലെന്നും തിരിച്ചറിയാനുള്ള സന്നദ്ധത കാണിക്കണം അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ നൽകണം. .ഇവർക്ക് മാന്യമായ തൊഴിലും ജീവിതവൃത്തിയും ഉറപ്പുവരുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.