തിരുവനന്തപുരം: വിരമിച്ച അധ്യാപക ഒഴിവുകൾ കൂട്ടത്തോടെ ഒഴിവാക്കിയിട്ടുള്ള കോളജ് അധ്യാപക സ്ഥലംമാറ്റ കരട് പട്ടിക വിവാദത്തിൽ. നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നത് വഴി ജോലിഭാരത്തിലുണ്ടാകുന്ന വ്യത്യാസം മൂലം അധ്യാപക തസ്തികകൾ നഷ്ടപ്പെടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിന്റെ ലംഘനമാണ് കരട് പട്ടികയിൽ പ്രകടമാകുന്നതെന്നാണ് അധ്യാപകരുടെ ആക്ഷേപം.
വിരമിച്ച അധ്യാപക ഒഴിവുകളിലേക്ക് സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ നിയമിക്കാത്തത് ഈ തസ്തികകൾ അധികമെന്നു കണ്ട് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണത്രെ. വിദ്യാർഥികൾക്ക് ഇഷ്ടാനുസരണം മേജർ, മൈനർ വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാൻ അവസരം നൽകുന്ന നാലുവർഷ ബിരുദ കോഴ്സ് നടപ്പാക്കുമ്പോൾ നിലവിലുള്ള അധ്യാപകരുടെ ജോലി ഭാരം കുറയുമെന്നും ഇത് അധ്യാപക തസ്തിക തന്നെ ഇല്ലാതാക്കുമെന്നുമായിരുന്നു ഉന്നയിച്ച ആശങ്ക.
നാലുവർഷ ബിരുദ കോഴ്സ് നടത്തിപ്പിൽ അധ്യാപക സംഘടനകൾ നിസ്സഹകരണത്തിലേക്ക് നീങ്ങിയതോടെയാണ് മന്ത്രി ബിന്ദു ചർച്ചക്ക് വിളിക്കുകയും നാലുവർഷത്തേക്ക് നിലവിലുള്ള തസ്തികകൾ അതേ പ്രകാരം സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തത്. ഇതിനനുസൃതമായി സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എന്നാൽ, നാലുവർഷ ബിരുദ കോഴ്സ് നടപ്പാക്കിയ ശേഷമുള്ള സർക്കാർ കോളജുകളിലെ അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക ഇറങ്ങിയപ്പോഴാണ് ഒട്ടേറെ കോളജുകളിൽ റിട്ടയർമെന്റ് വഴിയുണ്ടായ ഒഴിവുകൾ സ്ഥലംമാറ്റത്തിന് പരിഗണിക്കാതിരുന്നത്.
ഈ ഒഴിവുകളിലേക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ സ്ഥലംമാറ്റം ലഭിക്കേണ്ട അധ്യാപകർക്ക് ഹോം സ്റ്റേഷനിലേക്ക് മാറ്റം ലഭിക്കാത്ത സാഹചര്യവുമായി. 2020 ഏപ്രിലിൽ ഇറക്കിയ ഉത്തരവ് വഴി കോളജ് അധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്തിയിരുന്നു.
പി.ജി ക്ലാസുകളിൽ ഒരു മണിക്കൂർ അധ്യാപനം ഒന്നര മണിക്കൂറായി പരിഗണിക്കുന്ന പി.ജി വെയ്റ്റേജ് എടുത്തുകളയുകയും മുഴുവൻ തസ്തികകൾക്കും ആഴ്ചയിൽ 16 മണിക്കൂർ ജോലി ഭാരം വേണമെന്നും നിബന്ധന കൊണ്ടുവന്നിരുന്നു. ഈ ഉത്തരവ് വഴി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിലായി 2500 മുതൽ 3000 വരെ അധ്യാപക തസ്തികകൾ കുറയുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ഈ ഉത്തരവ് വഴി അധികമായ തസ്തികകളാണ് സ്ഥലംമാറ്റത്തിന് പരിഗണിക്കാതെ, ഒഴിവാക്കിയതെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ പട്ടിക കരട് മാത്രമാണെന്നും പരാതികൾ പരിശോധിച്ചായിരിക്കും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.