ചെങ്ങമനാട്: അനേകങ്ങൾക്ക് അറിവിന്റേയും ഉയർച്ചയുടെയും വഴിതെളിച്ച ചെങ്ങമനാട് ഗവ. എൽ.പി സ്കൂൾ ഗ്രാമത്തിന്റെ അഭിമാനമാണ്. 113 വർഷം പിന്നിട്ട ഈ സ്കൂൾ നെടുമ്പാശ്ശേരി അത്താണി - പറവൂർ റോഡിൽ ചെങ്ങമനാട് മുനിക്കൽ ഗുഹാലയ ക്ഷേത്രത്തിന് സമീപം ആധുനിക സൗകര്യങ്ങളുമായി നിലകൊള്ളുന്നു.
രാജാക്കന്മാരുടെയും സാമൂതിരിമാരുടെയും ചേരമാൻ പെരുമാളിന്റെയും മറ്റും ക്ഷണപ്രകാരം പട്ടുവസ്ത്രങ്ങളും കൈത്തറി വസ്ത്രങ്ങളും നിർമിക്കാൻ കേരളത്തിലെത്തിയ പട്ടാര്യർമാരിൽ ചെങ്ങമനാട് കേന്ദ്രീകരിച്ചവർ ചേർന്ന് 1924ൽ ‘കേരള പട്ടാര്യ സമാജം’ രൂപവത്കരിച്ചു. ഇതിലെ അംഗങ്ങളിൽ പലരും ചെങ്ങമനാട് മേഖലയിലെ സാമൂഹിക, സാംസ്കാരിക, ആരോഗ്യ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും സൗജന്യമായി ഭൂമി നൽകിയിട്ടുണ്ട്.
1911ൽ വടക്കേടത്ത് ശങ്കരപിള്ള സ്വന്തം പുരയിടത്തോട് ചേർന്ന് വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഓല ഷെഡ് കെട്ടി കുടിപ്പള്ളിക്കൂടം ആരംഭിക്കുകയായിരുന്നു. അക്കാലത്ത് വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഇടക്കിടെ ചെങ്ങമനാട് വന്ന് ഭജനയിരിക്കാറുണ്ടായിരുന്നു. ശങ്കരപിള്ളയും ചട്ടമ്പിസ്വാമിയും തമ്മിൽ നല്ല സൗഹൃദം. അദ്ദേഹം ശങ്കരപിള്ളയെ തിരുവനന്തപുരത്ത് കൊണ്ടുപോയി രാജാവിന്റെ കൈയിൽ നിന്ന് സ്കൂളിന് അംഗീകാരം നേടിയെടുത്തു. അങ്ങനെ 1912ൽ ചെങ്ങമനാട് ഗവ. എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
പരിസരത്തെ സാമ്പത്തികവും സാമൂഹികവുമായി മുന്നോക്കം നിന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു തുടക്കകാലത്തെ പ്രധാന പഠിതാക്കൾ. കാലക്രമേണ അനുബന്ധമായി യു.പി സ്കൂളും ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും വന്നു. ആലുവ വിദ്യാഭ്യാസ ഓഫിസറുടെ കീഴിലായിരുന്ന ചെങ്ങമനാട് ഹൈസ്കൂൾ ഭരണ സൗകര്യത്തിന് വേണ്ടി എൽ.പി വിഭാഗം വിഭജിച്ച് അങ്കമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ കീഴിലാക്കി. ഒരു ഓഫിസ് മുറിയും രണ്ട് കെട്ടിടങ്ങളും എൽ.പി സ്കൂളിന് വിട്ടുകിട്ടി. ഒരേക്കറിലധികം സ്ഥലം ഏറ്റെടുത്തു. അതിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമിച്ചു.
അങ്കമാലിയിൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഏക സ്കൂളാണിത്. പൈലറ്റുമാരും ഡോക്ടർമാരും സൈനികരും ശാസ്ത്രജ്ഞരും മുതൽ ന്യായാധിപൻമാർ വരെ ഇവിടുത്തെ പൂർവ വിദ്യാർഥികളായുണ്ട്. നഴ്സറി മുതൽ നാല് വരെയാണ് ക്ലാസുകൾ. 200ഓളം കുട്ടികൾ പഠിക്കുന്നു. 12 അധ്യാപകർ. 10 വർഷത്തോളമായി അറബിക് കലോത്സവത്തിൽ സ്കൂളിലെ കുട്ടികളാണ് ഉപജില്ല ജേതാക്കൾ.
നവീകരിച്ച സ്മാർട് ക്ലാസ് മുറി, കമ്പ്യൂട്ടർ ലാബ്, പാർക്ക്, പോഷക സമൃദ്ധമായ ഉച്ചഭക്ഷണം, മികച്ച അധ്യാപനം, വാഹന സൗകര്യം, ടാലന്റ് ലാബ്, സ്പോക്കൺ ഇംഗ്ലീഷ്-ഹിന്ദി-അറബിക് ക്ലാസുകൾ, ‘മലയാളത്തിളക്കം’ പ്രവർത്തനങ്ങൾ, ഹലോ ഇംഗ്ലീഷ്-ഗണിതം, അടുക്കളത്തോട്ടം, ‘വർണക്കൂടാരം’ പാർക്ക്, വിശാല ഓഡിറ്റോറിയം എന്നിവയെല്ലാം സ്കൂളിന്റെ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.