പറന്നുയരാൻ ‘ഇഗ്രുവ’യിൽ പരിശീലനം

ഇന്ത്യയിലെ മികച്ച വിമാനം പറത്തൽ പരിശീലന കേന്ദ്രമായ അമേത്തിയിലെ (യു.പി) ഇന്ദിരഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഇഗ്രുവ) താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ) കോഴ്സ്: 2026 ജൂലൈയിൽ രണ്ടു ബാച്ചുകളായി ആരംഭിക്കുന്ന കോഴ്സിൽ 125 സീറ്റുകളാണുള്ളത്. പ്രവേശന യോഗ്യത - ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ ഹയർസെക്കൻഡറി, പ്ലസ്ടു തത്തുല്യ കോഴ്സ് വിജയിച്ചിരിക്കണം. ഈ ശാസ്ത്ര വിഷയങ്ങൾക്ക് ഓരോന്നിനും 50ശതമാനം മാർക്കിൽ കുറയാതെ യുണ്ടാകണം. എസ്.സി. /എസ്.ടി/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിൽപെടുന്നവർക്ക് 45ശതമാനം മാർക്ക് മതി. പ്രായപരിധി 28വയസ്സ്. ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

പരിശീലന ഫീസ് 55ലക്ഷം രൂപ. ബോർഡിങ്, ലോഡ്ജിങ് മുതലായ ഫീസുകൾ പുറമെ നൽകണം. ‘സി.പി.എൽ’ പരിശീലനത്തോടൊപ്പം ബി.എസ് സി ഏവിയേഷൻ ബിരുദ കോഴ്സ് പൂർത്തിയാക്കാം. പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.

ഇന്റഗ്രേറ്റഡ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (എ.എം.ഇ) ആൻഡ് ബി.എസ് സി എ.എം.ഇ പ്രോഗ്രാം: സീറ്റുകൾ-30. രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. ഡി.ജി.സി.എയുടെ അനുമതിയും അംഗീകാരവുമുണ്ട്. പ്രവേശന യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി /പ്ലസ്ടു തത്തുല്യ പരീക്ഷ വിജയിക്കണം. അംഗീകൃത എൻജിനീയറിങ്ങ് ഡിപ്ലോമക്കാരെയും പരിഗണിക്കും.

ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയത്തിന് പ്രത്യേകം 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടായിരിക്കണം. എസ്.സി /എസ്.ടി/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. പരിശീലന ഫീസ് 6,57,500 രൂപ. ബോർഡിങ്, താമസം ഉൾപ്പെടെ മറ്റ് ചെലവുകൾ പുറമെ. വിശദവിവരങ്ങൾ https://igrua.gov.in/igrua-entranceൽ ലഭിക്കും. ഓൺലൈനിൽ ഏപ്രിൽ 13നകം അപേക്ഷിക്കാവുന്നതാണ്.

2026 മേയ് മൂന്നിന് നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അന്വേഷണങ്ങൾക്ക് ഫോൺ: +91(11)24615370, മൊബൈൽ- 767088040. 

Tags:    
News Summary - Training at Indira Gandhi Rashtriya Uran Akademi to Become a Pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.