കോളജ് പ്രിന്‍സിപ്പല്‍ നിയമനം: പിഎച്ച്.ഡി നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് 2010ലെ യു.ജി.സി റെഗുലേഷന്‍ പ്രകാരമുള്ള യോഗ്യത നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതുസംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ദേശിക്കുന്ന ഫയല്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രിക്ക് കൈമാറി. 2010 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഉത്തരവിറക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നിലവിലുള്ള സ്പെഷല്‍ റൂള്‍സ് പ്രകാരം 25 വര്‍ഷത്തെ അധ്യാപന പരിചയമാണ് പ്രിന്‍സിപ്പല്‍ നിയമനത്തിന് പരിഗണിച്ചിരുന്നത്. എക്സിക്യൂട്ടിവ് ഉത്തരവിറക്കിയതിനുശേഷം സ്പെഷല്‍ റൂള്‍സില്‍ ഭേദഗതി വരുത്താനുള്ള നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് 2010ലെ യു.ജി.സി റെഗുലേഷന്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും പ്രിന്‍സിപ്പല്‍ നിയമനത്തിന് പിഎച്ച്.ഡി നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥക്കെതിരെ ഒരു വിഭാഗം അധ്യാപകര്‍ രംഗത്തുവന്നിരുന്നു. ഇവര്‍ കോടതിയെയും സമീപിച്ചു. പിഎച്ച്.ഡി യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് അവകാശവാദമുന്നയിച്ചും കോടതിയെ സമീപിച്ചു. ഒടുവില്‍ റെഗുലേഷനില്‍ വെള്ളം ചേര്‍ക്കാനാവില്ളെന്നും പിഎച്ച്.ഡി നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ അപ്പീല്‍ നിലവിലുണ്ട്.

യോഗ്യത പ്രശ്നം പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. നിലവില്‍ സംസ്ഥാനത്ത് 28 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ഒരു സംഗീത കോളജിലും ഒരു സംസ്കൃത കോളജിലും പ്രിന്‍സിപ്പല്‍ തസ്തികയില്‍ ആളില്ല. ഇവിടെയെല്ലാം ഇന്‍ചാര്‍ജ് പ്രിന്‍സിപ്പല്‍മാരുടെ ഭരണമാണ്. ഇതുകാരണം കോളജുകളുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളില്‍ പ്രതിസന്ധിയുണ്ട്.

പിഎച്ച്.ഡിക്ക് പുറമെ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് യു.ജി.സി നിര്‍ദേശിക്കുന്നത്. കോടതിയലക്ഷ്യവും ഉത്തരവിന്‍െറ നിലനില്‍പും ചോദ്യംചെയ്യുമെന്ന വിദഗ്ധോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവിന് 2010 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുന്നതെന്നാണ് സൂചന.

ഒട്ടേറെ പേര്‍ യോഗ്യതയുണ്ടായിട്ടും പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമനം ലഭിക്കാതെ വിരമിക്കുന്നതാണ് നിലവിലെ സാഹചര്യം. മുന്‍കാല പ്രാബല്യം കൊണ്ടുവരുന്നതോടെ ഈ കാലയളവില്‍ വിരമിച്ചവര്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലെ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരും.

Tags:    
News Summary - phd is must for principal's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.