ജെൻ സി തലമുറ ഒരു തൊഴിലിൽ ഉറച്ചുനിൽക്കുന്നില്ല. തൊഴിലുകൾ വേഗത്തിൽ മാറുന്നു. ഓഫിസ് ഫ്രോഗിങ് (ഓഫിസിലെ തവളച്ചാട്ടം) എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. സ്വന്തം കാഴ്ചപ്പാടുകൾക്കും മാനസിക സംതൃപ്തിക്കും യോജിക്കുന്ന മികച്ച സ്ഥലം തേടിയാണ് ഒരു ജോലിയിൽനിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുന്നത്. ദീർഘകാല സേവനത്തെ വിശ്വസ്തതയുടെ ലക്ഷണമായി കണ്ട മുൻ തലമുറയിൽനിന്ന് വ്യത്യസ്തമാണ് പുതുതലമുറ. യുവ പ്രഫഷനലുകൾ ജോലി സ്ഥിരതയേക്കാൾ വളർച്ച, തൃപ്തി, മാനസിക സുരക്ഷ എന്നിവക്ക് മുൻഗണന നൽകുന്നു.
ചാട്ടത്തിന്റെ പ്രേരണകൾ
പുതിയ പഠനങ്ങൾ പറയുന്നത്, ശമ്പള വർധനക്കു വേണ്ടി മാത്രമല്ല യുവതലമുറ ജോലി മാറുന്നത്. കാർക്കശ്യവും അമിത സമ്മർദമുള്ള അന്തരീക്ഷവും അവർക്ക് അംഗീകരിക്കാൻ കഴിയില്ല. അതിനോട് പൊരുത്തപ്പെടാനും കഴിയുന്നില്ല. തൃപ്തിയില്ലാത്ത ജോലിയിൽ തുടരുന്നത് കരിയർ മാത്രമല്ല മാനസികാരോഗ്യവും അപകടത്തിലാക്കുന്നുവെന്നാണ് ജെൻ സി കരുതുന്നത്. അതുകൊണ്ട് അവർ ‘തവളച്ചാട്ട’ത്തിൽ അഭയം തേടുന്നു.
ഇരുതല മൂർച്ചയുള്ള വാൾ
ജോലികൾ മാറുന്നത് ഉടനടി ആശ്വാസം നൽകുന്നുവെങ്കിലും അത് ഇരുതല മൂർച്ചയുള്ള വാളാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തൽക്കാലത്തെ ആവേശം നൽകുമെങ്കിലും പ്രഫഷനൽ പരിതഃസ്ഥിതിയോട് ഇണങ്ങാനുള്ള ശേഷിയും ആഴത്തിലുള്ള മികവും വികസിപ്പിക്കുന്നതിന് തടസ്സമാണ് അടിക്കടിയുള്ള ജോലിമാറ്റമെന്ന് സൈക്കോളജിസ്റ്റ് ഗുർലീൻ ബറുവ പറയുന്നു. അടിസ്ഥാന ആകുലതക്കും ലക്ഷ്യത്തിൽ എവിടെയും എത്തിച്ചേരുന്നില്ല എന്ന തോന്നലിനും ഇന്ധനമാണ് നിരന്തരമുള്ള ചാട്ടം.
കമ്പനികൾ ശ്രദ്ധിക്കേണ്ടത്
തൊഴിലുടമ-തൊഴിലാളി ബന്ധത്തിലെ ട്രെൻഡ് മാറ്റം കമ്പനികളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിഭകളെ നിലനിർത്തണമെങ്കിൽ കമ്പനികൾ കൂറിന്റെയും പ്രതിബദ്ധതയുടെയും പഴഞ്ചൻ ആശയങ്ങൾ വിട്ടുപിടിക്കണം. നല്ല മാനുഷിക അനുഭവങ്ങൾ സൃഷ്ടിക്കണം. പുതുയുഗത്തിൽ തൊഴിലാളികൾക്ക് ജോലി സംരക്ഷിക്കുന്നത് സംബന്ധിച്ച ഭയമോ ദീർഘകാലം സേവിച്ചുകൊള്ളാമെന്ന കടപ്പാടോ ഇല്ല. ബഹുമാനവും തൃപ്തിയും ലഭിക്കാത്തിടത്ത് ആളുകൾ നിൽക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.