പ്രതീകാത്മക ചിത്രം

നാവിക സേനയിൽ പ്ലസ്ടുക്കാർക്ക് സൗജന്യ ബി.ടെക് പഠനവും ജോലിയും

സമർഥരായ പ്ലസ്ടുക്കാർക്ക് നാവികസേനയിൽ 10 + 2 ബി.ടെക് കാഡറ്റ് എൻട്രി സ്കീമിലൂടെ സൗജന്യ എൻജിനീയറിങ് പഠനത്തിനും ഓഫിസറായി ജോലി നേടാനും മികച്ച അവസരം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചുകളിൽ 44 ഒഴിവുകളുണ്ട്. ഏഴ് ഒഴിവുകളിൽ വനിതകളെ നിയമിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകൾക്കായുള്ള ബി.ടെക് (നാലു വർഷം) കോഴ്സുകൾ ജൂലൈയിൽ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ൽ. ഓൺലൈനിൽ ജനുവരി 19 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ (പത്ത് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം) ഹയർസെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. 2007 ജനുവരി രണ്ടിനും 2009 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

ബി.ഇ/ ബി.ടെക് പ്രവേശനത്തിനായുള്ള ‘ജെ.ഇ.ഇ മെയിൻ -2025’ അഖിലേന്ത്യ റാങ്ക് ലിസ്റ്റിലുള്ളവരായിരിക്കണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.

ഓൺലൈനിൽ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ മെയിൻ റാങ്കടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് മുമ്പാകെ മാർച്ച് മുതൽ ബംഗളൂരു/ ഭോപാൽ/ കൊൽക്കത്ത/ വിശാഖപട്ടണം എന്നിവിടങ്ങളിലായി വിവിധ ടെസ്റ്റുകളടങ്ങിയ ഇന്റർവ്യൂവിന് ക്ഷണിക്കും. . ഇന്റർവ്യൂവിന്റെയും സെലക്ഷൻ നടപടികളുടെയും വിശദാംശങ്ങൾ വെബ്സൈറ്റിൽ.

ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകുന്നവർക്ക് എ.സി -3 ടയർ റെയിൽ ടിക്കറ്റ് അനുവദിക്കും. ഇതിനായി ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ ഫോട്ടോകോപ്പി അല്ലെങ്കിൽ ‘ചെക്‍ലീഫ്’ നൽകണം. എസ്.എസ്.ബി മാർക്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയാറാക്കി കാഡറ്റുകളെ തിരഞ്ഞെടുക്കും.

പരിശീലനം: കാഡറ്റുകൾക്ക് നാല് വർഷ ബി.ടെക് കോഴ്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകൾ പഠിക്കാം. ഭക്ഷണം, വസ്ത്രം, പുസ്തകം അടക്കമുള്ള പഠന പരിശീലന ചെലവുകളെല്ലാം നാവിക സേന വഹിക്കും. കോഴ്സ് പൂർത്തിയാക്കാൻ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ബി.ടെക് ബിരുദം സമ്മാനിക്കും. തുടർന്ന് ഓഫിസറായി നിയമനവും. ശമ്പളം, ​ബത്തകൾ, ഇൻഷുറൻസ്, ഗ്രാറ്റ്വിറ്റി അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ. 

Tags:    
News Summary - Free B.Tech studies and job in the Navy for Plus Two students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.