സിനിമയെയും ഡിജിറ്റൽ മീഡിയയെയും ഗൗരവതരമായ കരിയറായി കാണുന്നവർക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച പഠനകേന്ദ്രങ്ങളിലൊന്നായ കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ അവസരമൊരുങ്ങുന്നു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിൽ 1995ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന് 2025 മേയ് മാസത്തിൽ കൽപിത സർവകലാശാല പദവി ലഭിച്ചു. നിലവിൽ സിനിമ, ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ) പ്രോഗ്രാമുകളിലേക്കാണ് 2026 അധ്യയന വർഷത്തേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമാ വിഭാഗത്തിൽ ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ഡിസൈൻ, പ്രൊഡ്യൂസിങ്, അനിമേഷൻ സിനിമ എന്നീ സ്പെഷലൈസേഷനുകളിലായി മൂന്നുവർഷത്തെ കോഴ്സുകളാണുള്ളത് (ഒരു വർഷത്തെ ബ്രിഡ്ജ് പ്രോഗ്രാം ഉൾപ്പെടെ). ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ (ഇ.ഡി.എം) വിഭാഗത്തിൽ സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, റൈറ്റിങ്, മാനേജ്മെന്റ്, ഡയറക്ഷൻ ആൻഡ് പ്രൊഡ്യൂസിങ് എന്നിവയിൽ രണ്ടുവർഷത്തെ എം.എഫ്.എ കോഴ്സുകളും ലഭ്യമാണ്. കൂടാതെ എഫ്.ടി.ഐ.ഐ ഇട്ടനഗർ കാമ്പസിലെ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കും ഈ പ്രവേശന പരീക്ഷയിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. 2026 ഫെബ്രുവരി നാലു വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം. ഫെബ്രുവരി 22ന് നടക്കുന്ന അഖിലേന്ത്യാ തലത്തിലുള്ള പ്രാഥമിക പ്രവേശന പരീക്ഷ, തുടർന്ന് നടക്കുന്ന രണ്ടാം ഘട്ട പരീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റുഡിയോകൾ, അത്യാധുനിക കാമറകൾ, ആധുനിക എഡിറ്റിങ് സ്യൂട്ടുകൾ എന്നിവയുൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളെ കാത്തിരിക്കുന്നത്.
സിനിമയുടെ സാങ്കേതികതയും സൗന്ദര്യശാസ്ത്രവും ഒരുപോലെ പഠിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. സർഗാത്മകതയും കഠിനാധ്വാനവും കൈമുതലായുള്ളവർക്ക് വെള്ളിത്തിരയുടെ ലോകത്തേക്ക് ലാൻഡ് ചെയ്യാൻ മികച്ചൊരു ഗേറ്റ് വേ ആയിരിക്കും എസ്.ആർ.എഫ്.ടി.ഐ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.