നീറ്റ് യോഗ്യത നേടിയവരിൽ ഏറെയും പെൺകുട്ടികൾ, ​ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ആറ് പേർക്കും നീറ്റ്; ഏറ്റവും കൂടുതൽ വിജയികൾ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: മണിക്കൂറുകൾക്ക് മുമ്പാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി നീറ്റ് യു.ജി പരീക്ഷാഫലം പുറത്തുവിട്ടത്. 22.09 ലക്ഷം വിദ്യാർഥികളാണ് നീറ്റ് യു.ജി എഴുതിയത്. അതിൽ 12.36 ലക്ഷം പേർ യോഗ്യത​ നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ നീറ്റ് യോഗ്യത നേടിയവരുടെ എണ്ണത്തിൽ ചെറിയ ഇടിവുണ്ട്. 13.15 ലക്ഷം വിദ്യാർഥികളാണ് കഴിഞ്ഞവർഷം നീറ്റ് യോഗ്യത നേടിയത്. അതേവർഷം 24.06 ലക്ഷം വിദ്യാർഥികൾ നീറ്റ് അപേക്ഷകരായി ഉണ്ടായിരുന്നു. ഈ വർഷം 22.76 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ 72000 പേർ പരീക്ഷ എഴുതിയില്ല. ഇക്കുറി 66,700 പേരും.

മുൻ വർഷങ്ങളിലെ പോലെ ഇക്കുറിയും നീറ്റ് യോഗ്യത നേടിയവരിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് മുന്നിൽ.

ഈ വർഷം 7.22ലക്ഷം പെൺകുട്ടികളാണ് നീറ്റ് യോഗ്യത നേടിയത്. അതേസമയം, നീറ്റ് യോഗ്യത നേടിയ ആൺകുട്ടികളുടെ എണ്ണം 5.14 ലക്ഷം ആണ്.

2024ൽ ഇത് യഥാക്രമം, 7.69 ലക്ഷവും 5.46 ലക്ഷവുമായിരുന്നു.ഈ വർഷം യോഗ്യത നേടിയവരിൽ ആറുപേർ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരാണ്.

കാറ്റഗറി ലിസ്റ്റിൽ ഒ.ബി.സി വിദ്യാർഥികളാണ് യോഗ്യത നേടിയവരിൽ മുൻപന്തിയിലുള്ളത്. 5.64 ലക്ഷം ഒ.ബി.സി വിദ്യാർഥികളാണ് ഇക്കുറി നീറ്റ് യോഗ്യത നേടിയത്. ജനറൽ വിഭാഗത്തിൽ 3.38 ലക്ഷം വിദ്യാർഥികളും എസ്.സി വിഭാഗക്കാരായ 1.68 ലക്ഷം പേരും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് 97,085 പേരും എസ്.ടി വിഭാഗത്തിൽനിന്ന് 67,234 പേരും യോഗ്യത നേടി.

സംസ്ഥാനങ്ങൾ തിരിച്ച് യോഗ്യത നേടിയ വിദ്യാർഥികളുടെ കണക്ക് പരിശോധിച്ചാൽ, ഉത്തർപ്രദേശ് ആണ് ഒന്നാംസ്ഥാനത്ത്. 1.70 ലക്ഷം വിദ്യാർഥികളാണ് യു.പിയിൽ നിന്ന് നീറ്റ് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം 1.65 ലക്ഷം വിദ്യാർഥികൾ നീറ്റ് പരീക്ഷയിൽ വിജയിച്ചു.

മഹാരാഷ്ട്ര, രാജസ്ഥാൻ, ബിഹാർ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. ആദ്യ പത്തിൽ കേരളം ഉൾപെട്ടിട്ടില്ല. 

Tags:    
News Summary - Over 12 Lakh Students Qualify Neet UG 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.