ആണവോർജ വകുപ്പിൽ സയന്റിഫിക് ഓഫിസറാകാം

മർഥരായ എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും 2026ലെ ‘ഒ.സി.ഇ.എസ്/ഡി.ജി.എഫ്.എസ്' പ്രോഗ്രാമിലൂടെ ആണവോർജ വകുപ്പിൽ സയന്റിഫിക് ഓഫിസറാവാൻ ഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്) അവസരമൊരുക്കുന്നു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും വിവരണപത്രികയും www.barcocesexam.in ൽ. ഓൺലൈനിൽ ജനുവരി 21നകം അപേക്ഷിക്കാം. ഈ രണ്ട് പ്രോഗ്രാമുകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവർ ‘ബാർക് ട്രെയിനിങ് സ്കൂളുകളിൽ ഒരുവർഷത്തെ ഓറിയന്റേഷൻ കോഴ്സുണ്ടാകും.

‘ഒസി.ഇ.എസ്/2026' പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എൻജിനീയറിങ് ബിരുദക്കാർക്ക് രണ്ടുവർഷത്തെ ഗ്രാജ്വേറ്റ് ഫെലോഷിപ് സ്കീമിൽ (ഡി.ജി.എഫ്.എസ്) ബാർക് ട്രെയിനിങ് സ്കൂൾ നടത്തുന്ന ഇന്റർവ്യൂവിലൂടെ ഐ.ഐ.ടി ബോംബെയിലും മദ്രാസിലും സ്റ്റൈപൻഡും ട്യൂഷൻ ഫീസും അടക്കമുള്ള ആനുകൂല്യത്തോടെ എം.ടെക് പ്രവേശനം നേടാം.

വിജയകരമായി പഠന-പരിശീലനങ്ങൾ പൂർത്തിയാക്കുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ സയന്റിഫിക് ഓഫിസറായി നിയമിക്കും. തുടക്കത്തിൽ പ്രതിമാസം 1,35,000 രൂപ ശമ്പളം ലഭിക്കും.

യോഗ്യത: എൻജിനീയറിങ് ഡിസിപ്ലിനിലേക്ക് ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക്/ബി.എസ് സി എൻജിനീയറിങ്/പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ടെക് (ബ്രാഞ്ചുകൾ-മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ/ മെറ്റീരിയൽസ്, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്).

സയൻസ് ഡിസിപ്ലിനിലേക്ക്- ഫസ്റ്റ്ക്ലാസ് എം.എസ് സി (ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസസ്) അല്ലെങ്കിൽ എം.എസ് സി/എം.ടെക് (ജിയേളജി, അപ്ലൈഡ് ജിയോളജി) അല്ലെങ്കിൽ ബി.ഇ/ബി.ടെക് (എൻജിനീയറിങ് ഫിസിക്സ്) അല്ലെങ്കിൽ എം.എസ് സി) (ജിയോഗ്രഫി).

യോഗ്യതാ പരീക്ഷക്ക് മൊത്തം 60 ശതമാനം മാർക്ക്/6.0 സി.ജി.പി.എയിൽ കുറയാതെയുണ്ടാകണം. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കുന്നതാണ്.

സെലക്ഷൻ: പ്രോഗ്രാമുകൾക്ക് തെരഞ്ഞെടുപ്പ് പൊതുവായ നടപടിക്രമത്തിലൂടെയാണ്. പ്രാഥമിക സ്ക്രീനിങ് 2024/25/26 വർഷത്തെ ‘ഗേറ്റ് സ്കോർ’ അടിസ്ഥാനത്തിലോ മാർച്ച് 14, 15 തീയതികളിൽ നടത്തുന്ന ഓൺലൈൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. ടെസ്റ്റിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും. ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 2026 മേയ്-ജൂണിൽ മുംബൈയിലും ഹൈദരാബാദിലുമായി അഭിമുഖത്തിന് ക്ഷണിക്കും. മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുമുണ്ടാകും.

ഫെലോഷിപ്: സ്കീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷത്തെ എം.ടെക് പഠന കാലയളവിൽ പ്രതിമാസം 74,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഇതിനുപുറമെ, രണ്ടുവർഷത്തേക്ക് 60,000 രൂപ കണ്ടിൻജൻസി ഗ്രാന്റായും പ്രോജക്ടിനുള്ള ഫണ്ടായി നാലു ലക്ഷം രൂപയും അനുവദിക്കും. ട്യൂഷൻ ഫീസ് റീഇംപേഴ്സ്മെന്റ് അഥവാ അടച്ച ട്യൂഷൻ ഫീസ് തിരികെ വാങ്ങാനും വ്യവസഥയുണ്ട്. പഠനം പൂർത്തിയാവുന്ന മുറക്ക് എം.ടെക്/പി.ജി ഡിപ്ലോമയും സയന്റിഫിക് ഓഫിസറായി നിയമനവും ലഭിക്കും. താൽപര്യമുള്ളവർക്ക് ഗവേഷണ പഠനത്തിനും (പിഎച്ച്.ഡി) അവസരമുണ്ട്.

Tags:    
News Summary - Become a Scientific Officer in the Department of Atomic Energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.