തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽപാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള മദർ തെരേസ സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിൽ പെട്ട വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. 15000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. സർക്കാർ നഴ്സിങ് സ്കൂളുകളിൽ നഴസിങ് ഡിപ്ലോമ(ജനറൽ നഴ്സിങ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കണം. യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ടുലക്ഷം രൂപ വരെ വാർഷികവരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
ഒന്നാം വർഷം/രണ്ടാം വർഷം/മൂന്നാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകും. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 9. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 0471-2300524, 0471-2302090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.