ഫോണിലും പി.സിയിലും തലകുനിച്ച് ഇരിക്കുന്നവരെ നോക്കി ‘സമയം കൊല്ലികൾ’ എന്ന് വിളിക്കാൻ വരട്ടെ. നാളെ കോടികൾ ശമ്പളം വാങ്ങുന്ന ഒരു ഇ-സ്പോർട്സ് താരമോ, ലോകം ഉറ്റുനോക്കുന്ന ഗെയിം ഡെവലപ്പറോ ആകാനുള്ള തയാറെടുപ്പിലാകാം അവർ.
ഇ-സ്പോർട്സ് എന്ന വമ്പൻ വ്യവസായത്തെയും അതിലെ പഠനസാധ്യതകളെയും അടുത്തറിയാം. പത്ത് വർഷം മുമ്പു വരെ, ‘എനിക്ക് വിഡിയോ ഗെയിം കളിച്ച് ജീവിക്കണം’ എന്ന് പറഞ്ഞാൽ തമാശയായി മാത്രമേ ആരും കാണുമായിരുന്നുള്ളൂ. എന്നാൽ, ഇന്ന് കഥ മാറി.
ക്രിക്കറ്റും ഫുട്ബാളും പോലെ തന്നെ സ്റ്റേഡിയം നിറയെ ആരാധകരും സ്പോൺസർമാരും കോടികളുടെ സമ്മാനത്തുകയുമുള്ള ലോകമാണ് ഇലക്ട്രോണിക് സ്പോർട്സ്. ആഗോളതലത്തിൽ സിനിമയേക്കാളും സംഗീതവ്യവസായത്തേക്കാളും വരുമാനം ഇന്ന് ഗെയിമിങ് വ്യവസായം നേടുന്നുണ്ട്.
ലളിതമായി പറഞ്ഞാൽ, വിഡിയോ ഗെയിമുകളുടെ പ്രഫഷനൽ തലത്തിലുള്ള മത്സരമാണ് ഇ-സ്പോർട്സ്. പബ്ജി, വാലറന്റ്, ഫിഫ, ലീഗ് ഓഫ് ലെജൻഡ്സ് തുടങ്ങിയ ഗെയിമുകളിൽ വ്യക്തികളോ ടീമുകളോ ഏറ്റുമുട്ടുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും മാനേജർ മാരും ഡിസൈനർമാരും ചേരുന്നതാണ് ഈ തൊഴിൽ മേഖല.
ഗെയിമിങ് കരിയർ എന്നാൽ ഗെയിം കളിക്കൽ മാത്രമല്ല. പ്രധാനമായും മൂന്ന് മേഖലകളിലായി ഇതിനെ തിരിക്കാം:
ഇന്ത്യയിൽ ഇപ്പോൾ ഗെയിമിങ്ങുമായി ബന്ധപ്പെട്ട മികച്ച ബിരുദ കോഴ്സുകൾ ലഭ്യമാണ്. വെറുതെ കളിച്ചു നടന്നാൽ പോര, കൃത്യമായ അക്കാദമിക് യോഗ്യത നേടുന്നത് കരിയറിൽ കുതിച്ചുചാട്ടം നടത്താൻ സഹായിക്കും.
പ്രധാന കോഴ്സുകൾ
1. ബി.ടെക്/ബി.എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ്: പ്രോഗ്രാമിങ് അടിത്തറക്ക് (ഗെയിം ഡെവലപ്പർ ആകാൻ).
2. ബി.എസ് സി ഇൻ ഗെയിം ഡിസൈൻ ആൻഡ് ഡവലപ്മെന്റ്: ഗെയിം നിർമാണത്തിൽ സ്പെഷലൈസ് ചെയ്യാൻ.
3. ബി.ഡെസ് (ബാച്ചിലർ ഓഫ് ഡിസൈൻ: ഗെയിം ആർട്ട്, യുഐ/യുഎക്സ് (UI/UX) എന്നിവക്ക്.
4. ബി.എസ് സി ഇൻ അനിമേഷൻ ആൻഡ് മൾട്ടിമീഡിയ: വിഷ്വൽ ഇഫക്ട്സിനും അനിമേറ്ററുകൾക്കും.
5. ഡിപ്ലോമ ഇൻ ഗെയിം എൻജിനീയറിങ്: ചുരുങ്ങിയ കാലയളവിൽ സാങ്കേതിക വിദ്യ പഠിക്കാൻ.
സ്ഥാപനം, സ്ഥലം, കോഴ്സുകൾ എന്ന ക്രമത്തിൽ
● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) അഹ്മദാബാദ്, ബംഗളൂരു. കോഴ്സ്- ബി.ഡെസ് ഇൻ ഡിജിറ്റൽ ഗെയിം ഡിസൈൻ
● ബാക്സ്റ്റേജ് പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആൻഡ് ടെക്നോളജി,ഹൈദരാബാദ്. കോഴ്സ്-ബി.എസ് സി ഗെയിം ഡെവലപ്മെന്റ്, ബി.ടെക് സി.എസ്.ഇ (ഗെയിം ഡെവലപ്മെന്റ്)
● ഐ.സി.എ.ടി ഡിസൈൻ ആൻഡ് മീഡിയ കോളജ്, ചെന്നൈ, ബംഗളൂരു. ഗെയിം ഡിസൈൻ, ഗെയിം പ്രോഗ്രാമിങ്, ഗെയിം ആർട്ട്.
● ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആൻഡ് അനിമേഷൻ, ബംഗളൂരു. ഡിപ്ലോമ ആൻഡ് സർട്ടിഫിക്കറ്റ് ഇൻ ഗെയിം ആർട്ട് ആൻഡ് പ്രോഗ്രാമിങ്
● ഐ.ഐ.ഐ.ടി, ഹൈദരാബാദ്. കമ്പ്യൂട്ടർ സയൻസിൽ ഗവേഷണാവസരങ്ങൾ
● സൃഷ്ടി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു. ഹ്യൂമൺ കമ്പ്യൂട്ടർ ഇന്ററാക്ഷൻ, ഡിജിറ്റൽ ആർട്സ്.
● ടൂൺസ് അക്കാദമി, തിരുവനന്തപുരം. അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് കോഴ്സുകൾ
ഇന്ത്യയിൽ ഗെയിമിങ് വ്യവസായം 30-40 ശതമാനം വാർഷിക വളർച്ചയാണ് നേടുന്നത്.
● 5ജി ആൻഡ് ക്ലൗഡ് ഗെയിമിങ്: ഹൈ-എൻഡ് പി.സി ഇല്ലാതെതന്നെ മൊബൈലിൽ വലിയ ഗെയിമുകൾ കളിക്കാൻ സാധിക്കുന്ന കാലം വരുന്നു.
● എ.ഐ ആൻഡ് വി.ആർ/എ.ആർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും വെർച്വൽ റിയാലിറ്റിയും ഗെയിമിങ് അനുഭവത്തെ മാറ്റിമറിക്കും.
● ഗെയിമിഫിക്കേഷൻ: വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും ഗെയിം ഡിസൈൻ തത്ത്വങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.