ഇന്ത്യയിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് നിർണായകമായൊരു മാറ്റത്തിന് 2026-27 അധ്യയന വർഷം സാക്ഷ്യംവഹിക്കാൻ പോവുകയാണ്. രാജ്യത്തെ അലൈഡ് ഹെൽത്ത്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇനി മുതൽ ‘നീറ്റ്’ യോഗ്യത നിർബന്ധമാക്കിക്കൊണ്ട് നാഷനൽ കമീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രഫഷൻസ് (എൻ.സി.എ.എച്ച്.പി) വിജ്ഞാപനമിറക്കിക്കഴിഞ്ഞു.
പതിറ്റാണ്ടുകളായി സംസ്ഥാന തലത്തിലുള്ള പ്രവേശന പരീക്ഷകൾ വഴിയോ, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നേരിട്ടോ നടന്നിരുന്ന അലൈഡ് ഹെൽത്ത് പ്രവേശനത്തിന് ഇതോടെ വിരാമമാവുകയാണ്. എം.ബി.ബി.എസ് പ്രവേശനത്തിന് സമാനമായി, അലൈഡ് ഹെൽത്ത് മേഖലയിലും ഏകീകൃതമായ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
പുതിയ ഉത്തരവ് പ്രകാരം ഫിസിയോതെറപ്പി, ഒപ്റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി സയൻസസ് (എം.എൽ.ടി), ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, ഡയാലിസിസ് തെറപ്പി, ഒക്കുപേഷനൽ തെറപ്പി, എമർജൻസി മെഡിക്കൽ ടെക്നോളജിസ്റ്റ് (പാരാമെഡിക്) തുടങ്ങിയ എട്ട് പ്രധാന ബിരുദങ്ങൾക്ക് ‘നീറ്റ്’ നിർബന്ധമാക്കിയിരിക്കുകയാണ്. കൂടാതെ എൻ.സി.എ.എച്ച്.പി പാഠ്യപദ്ധതിയുടെ സ്റ്റാൻഡേർഡൈസേഷൻ തുടരുന്ന സാഹചര്യത്തിൽ, കൂടുതൽ അനുബന്ധ സ്പെഷലൈസേഷൻ കോഴ്സുകൾക്കും മുകളിൽ പറഞ്ഞതുപോലെ നീറ്റ് നിർബന്ധിത വിഷയങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിവരങ്ങൾക്ക് വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ് (https://ncahp.abdm.gov.in/ ).
നിലവിൽ പ്ലസ് ടു മാർക്ക് മാത്രം നോക്കി പ്രവേശനം നേടാം എന്ന് കരുതിയിരുന്ന വിദ്യാർഥികൾ തങ്ങളുടെ പഠനരീതി മാറ്റേണ്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ 2026ലെ നീറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നതോടൊപ്പം, പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്ക് (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ടാകും) കരസ്ഥമാക്കുകയും വേണം. 17 വയസ്സ് പൂർത്തിയായിരിക്കണം എന്നത് അടിസ്ഥാന യോഗ്യതയായി തുടരും.
ഇതൊരു വെല്ലുവിളിയായി കാണുന്നതിന് പകരം, വലിയൊരു അവസരമായാണ് വിദ്യാർഥികൾ നോക്കിക്കാണേണ്ടത്. ഇന്ത്യയിലും ഗൾഫ് നാടുകളിലും യൂറോപ്പിലുമെല്ലാം ആരോഗ്യരംഗത്തെ ‘നട്ടെല്ല്’ എന്ന് വിശേഷിപ്പിക്കാവുന്ന അലൈഡ് ഹെൽത്ത് പ്രഫഷനലുകൾക്ക് തൊഴിലവസരങ്ങൾ കുതിച്ചുയരുകയാണ്. ഒരു ഏകീകൃത പ്രവേശന പരീക്ഷ വരുന്നതോടെ രാജ്യത്തെവിടെയുമുള്ള മികച്ച സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടാൻ മലയാളി വിദ്യാർഥികൾക്ക് അവസരമൊരുങ്ങും. ബോർഡ് പരീക്ഷ മാർക്കുകൾക്കപ്പുറം, വിഷയങ്ങളിലുള്ള അറിവും അഭിരുചിയും അളക്കുന്ന നീറ്റ് പരീക്ഷ, ഈ മേഖലയിലേക്ക് വരുന്നവരുടെ നിലവാരം ഉയർത്തുമെന്നതിൽ സംശയമില്ല.
അതുകൊണ്ടുതന്നെ, 2026ൽ അലൈഡ് ഹെൽത്ത് കോഴ്സുകൾ ലക്ഷ്യമിടുന്ന വിദ്യാർഥികൾ ഇപ്പോൾതന്നെ തയാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ആദ്യപടി. എം.ബി.ബി.എസ് കിട്ടിയില്ലെങ്കിൽ മാത്രം തിരഞ്ഞെടുക്കാവുന്ന ഒരു ‘ബാക്കപ്’ ഓപ്ഷൻ എന്നതിലുപരി, മികച്ച കരിയർ സാധ്യതകളുള്ള ഒരു ‘ഫ്രണ്ട് ലൈൻ’ പ്രഫഷനായി അലൈഡ് ഹെൽത്ത് മേഖല മാറിക്കഴിഞ്ഞു. കൃത്യമായ പ്ലാനിങ്ങും ചിട്ടയായ പഠനവുമുണ്ടെങ്കിൽ വരുംകാലത്തെ മികച്ച ആരോഗ്യപ്രവർത്തകരാവാൻ നിങ്ങൾക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി എൻ.സി.എ.എച്ച്.പി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.