തൊടുപുഴ: സർക്കാർ ജോലിയിലേക്ക് വഴികാട്ടിയാകുകയാണ് സംസ്ഥാനത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ. ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി വിഭാഗത്തിൽപെട്ടവർക്കും 20 ശതമാനം സീറ്റിൽ മറ്റ് ഒ.ബി.സി വിഭാഗത്തിൽപെട്ടവർക്കുമാണ് ഇവിടങ്ങളിൽ പ്രവേശനം. സർക്കാർ കണക്കുകൾ പ്രകാരം ഈ കേന്ദ്രങ്ങളിലൂടെ പരിശീലനം നൽകിയ 4330 പേരാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിയിൽ കയറിയത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിലവിൽ 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപകേന്ദ്രങ്ങളുമാണുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. ഒമ്പത് വർഷത്തിനിടെ 52 കേന്ദ്രങ്ങളിലായി 55,000ത്തോളം യുവജനങ്ങളാണ് വിവിധ ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയത്.
ഈ കൂട്ടത്തിലാണ് 4330 പേർക്ക് കേന്ദ്ര-സംസ്ഥാന സർവിസുകളിലായി നിയമനം ലഭിച്ചിട്ടുള്ളത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ നിയമനം ലഭിച്ചിട്ടുള്ളത് കോഴിക്കോട് ജില്ലയിൽ പരിശീലനം നേടിയവർക്കാണ്. ഇവിടെ 790 പേർക്കാണ് വിവിധ തസ്തികകളിൽ നിയമനം ലഭിച്ചത്. രണ്ടാം സ്ഥാനത്ത് ഇടുക്കിയാണ്. ഇവിടെ 568 പേർക്കും നിയമനം ലഭിച്ചു. 547 പേരുമായി മലപ്പുറം ജില്ലക്കാണ് നിയമനകാര്യത്തിൽ മൂന്നാംസ്ഥാനം.
ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്ത് രൂപവത്കൃതമായ സച്ചാർ കമീഷൻ നൽകിയ ശിപാർശകളുടെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കിയത്. ഇതിന് തുടർച്ചയായി സംസ്ഥാനങ്ങൾ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്കരിക്കുകയും 2011ൽ സംസ്ഥാനത്ത് ഇതിനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായാണ് പരിശീലനകേന്ദ്രങ്ങളും നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.