കേരളത്തിലും വ്യാജ സർവകലാശാല; പട്ടിക പുറത്തുവിട്ട് യു.ജി.സി

രാജ്യത്തെ 20 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). ഇതിൽ എട്ടും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നതാണെങ്കിൽ ഒന്ന് കേരളത്തിൽനിന്നുള്ളതാണ്. ഉത്തർ പ്രദേശിൽ നാലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ട് വീതവും കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോന്നും വ്യാജ സർവകലാശാലകളാണ് പ്രവർത്തിക്കുന്നത്. ഇവ യു.ജി.സി നിയമത്തിന് വിരുദ്ധമായി വ്യാജ ഡിഗ്രികൾ വാഗ്ദാനം ചെയ്യുകയാണെന്നും ഇവിടെനിന്നുള്ള ബിരുദം ഉന്നത പഠനത്തിനോ ജോലി ആവശ്യത്തിനോ പരിഗണിക്കപ്പെടില്ലെന്നും യു.ജി.സി സെ​ക്രട്ടറി മനീഷ് ജോഷി മുന്നറിയിപ്പ് നൽകി.

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദാര്യഗഞ്ച് കമേഴ്സ്യൽ യൂനിവേഴ്സിറ്റി ലിമിറ്റഡ്, യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, എ.ഡി.ആർ-സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, വശ്വകർമ ഓപൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എം​േപ്ലായ്മെന്റ്, അദ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണ് ഡൽഹിയിലെ വ്യാജ സർവകലാശാലകൾ. ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപതി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി, ഭാരതീയ ശിക്ഷ പരിഷദ് എന്നിവയാണ് യു.പിയിലെ വ്യാജന്മാർ.

ആന്ധ്ര പ്രദേശിൽ ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി, ബൈബിൾ ഓപൺ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ എന്നിവയും പശ്ചിമ ബംഗാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ ആൻഡ് റിസർച്ച് എന്നിവയും പ്രവർത്തിക്കുന്നു. സെന്റ് ജോൺസ് ​യൂനിവേഴ്സിറ്റിയാണ് കേരളത്തിലെ വ്യാജൻ. ഇവക്ക് പുറമെ ബദഗാൻവി സർകാർ വേൾഡ് ഓപൺ യൂനിവേഴ്സിറ്റി എജുക്കേഷൻ സൊസൈറ്റി (കർണാടക), രാജ അറബിക് യൂനിവേഴ്സിറ്റി (മഹാരാഷ്ട്ര), ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജുക്കേഷൻ (പുതുച്ചേരി) എന്നിവയും അനധികൃതമായി പ്രവർത്തിച്ച് വ്യാജ ബിരുദം നൽകുന്നു.

Tags:    
News Summary - Fake university in Kerala too; UGC released the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.