ഒരു വർഷത്തിനിടെ 78,264 പേർക്ക് തൊഴിൽ നൽകിയെന്ന് കേന്ദ്രം; വിമർശനവുമായി പ്രതിപക്ഷം

2020-21 സാമ്പത്തിക വർഷത്തിൽ 78,264 പേർക്ക് വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നൽകിയതായി കേന്ദ്ര സർക്കാർ. സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിൽ 2020 മാർച്ച് 1ന് 8.72 ലക്ഷം ഒഴിവുകളായിരുന്നു ഉണ്ടായിരുന്നതെന്ന് പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് പെൻഷൻ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ ചോദ്യത്തിനാണ് മറുപടി നൽകിയത്. എസ്.എസ്.സി, യു.പി.എസ്.സി, ആർ.ആർ.ബി എന്നിവയുടെ സഹായത്തോടെയാണ് നിയമനങ്ങൾ നടത്തിയത്.

2018-19 കാലയളവിൽ 38,827 പേർക്കാണ് സർക്കാർ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചത്. 2019-20, 202-21 കാലയളവുകളിൽ 1,48,377 പേർക്കും, 78,264 പേർക്കും തൊഴിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ 13,238 പേർ യു.പി.എസ്.സി വഴിയും, 1,00,330 പേർക്ക് എസ്.എസ്.സി മുഖേനയും, 1,51,900 പേർക്ക് ആർ.ആർ.ബി വഴിയുമാണ് നിയമനം ലഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും ഒഴിവുകൾക്കനുസരിച്ച് അതാത് മന്ത്രാലയങ്ങൾ ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ടെന്നും മറുപടിയിൽ പറഞ്ഞു.

അതേസമയം, കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മ അവഗണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2014 ൽ ബി.ജെ.പി സർക്കാർ യുവാക്കൾക്ക് പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഇതനുസരിച്ചാണെങ്കിൽ രാജ്യത്ത് എൻ.ഡി.എ അധികാരത്തിലെത്തിയ ശേഷം 15 കോടി തൊഴിലവസരങ്ങൾ ലഭ്യമായിട്ടുണ്ടാകണം. എന്നാൽ, രാജ്യത്ത് ഇന്നും രണ്ട് കോടിയലധികം യുവാക്കൾക്കാണ് തൊഴിൽ ലഭിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പറഞ്ഞു.

Tags:    
News Summary - central government recruitments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.