സര്‍വകലാശാല അസിസ്റ്റന്‍റ് പരീക്ഷ നാളെ ; 5.81 ലക്ഷം അപേക്ഷകര്‍

തിരുവനന്തപുരം: സര്‍വകലാശാല അസിസ്റ്റന്‍റ് തസ്തികയിലേക്ക് പി.എസ്.സിയുടെ എഴുത്തുപരീക്ഷ ചൊവ്വാഴ്ച നടക്കും. 5.81 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചത്. ഒരു തസ്തികയിലേക്ക് ഒരുദിവസം നടത്തുന്ന ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള പരീക്ഷകളിലൊന്നാണിത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് ഒ.എം.ആര്‍ മാതൃകയിലെ പരീക്ഷ.
കേരളത്തിലെമ്പാടുമായി 2200 ഓളം പരീക്ഷാകേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. മിക്കവാറും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍, കോളജുകള്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ആറ് മാസത്തിനകം റാങ്ക് ലിസ്റ്റ് പുറത്തിറക്കാനാണ് കമീഷന്‍െറ തീരുമാനം.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടശേഷം നടത്തുന്ന ആദ്യ പരീക്ഷയാണിത്. പല സര്‍വകലാശാലകളിലും അസിസ്റ്റന്‍റ് തസ്തികയിലേക്ക് വര്‍ഷങ്ങളായി നിയമനം നടക്കുന്നില്ല. പി.എസ്.സിയുടെ നിലവിലെ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ കമീഷനോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇത് തള്ളിയ കമീഷന്‍ വേഗത്തില്‍ നിയമനനടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. അതേസമയം, പരീക്ഷയുടെ സിലബസില്‍ നിന്ന് മലയാളം ഒഴിവാക്കിയത് വിവാദമായി.
സാധാരണ ഇത്രയും കൂടുതല്‍ ഉദ്യോഗാര്‍ഥികളുള്ള  പരീക്ഷകള്‍ പി.എസ്.സി ശനിയാഴ്ചയാണ് നടത്താറ്. ഈ പരീക്ഷ ചൊവ്വാഴ്ച നടത്താനാണ് തീരുമാനിച്ചത്. സ്കൂളുകളില്‍ മധ്യവേനലവധിയായതിനാല്‍ അധ്യാപകരെ കിട്ടാന്‍ പ്രയാസം നേരിട്ടിരുന്നു. അധ്യാപകപരിശീലനവും കോളജുകളില്‍ മറ്റ് പരീക്ഷകളുമുണ്ട്. ഈ പ്രയാസങ്ങളാക്കെ തരണംചെയ്താണ് പരീക്ഷ നടത്തുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇത് പരിഹരിക്കണമെന്ന് പി.എസ്.സി ആവശ്യപ്പെട്ടു. പൊലീസിനോടും ആവശ്യമായ സുരക്ഷക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഗതാഗതസൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കും അറിയിപ്പ് നല്‍കി.
പി.എസ്.സിയിലെ ഭൂരിഭാഗം ജീവനക്കാരെയും പരീക്ഷാനടത്തിപ്പിന് നിയോഗിച്ചിട്ടുണ്ട്. സ്പെഷല്‍ സ്ക്വാഡുകളെയും ചുമതലപ്പെടുത്തി. സംസ്ഥാനത്തെ 14 സര്‍വകലാശാലകളിലേക്കാണ് ഈ ലിസ്റ്റില്‍ നിന്ന് നിയമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.