ചെറുവത്തൂര്‍ (കാസര്‍കോട്): സംസ്ഥാനത്ത് എസ്.ഐ തസ്തികയിലേക്ക് നിയമനം നീളുന്നു. 593 ഒഴിവുകളാണ് ആഭ്യന്തര വകുപ്പ് പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. റാങ്ക് ലിസ്റ്റിലെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയെങ്കിലും ഒരു ഒഴിവില്‍പോലും നിയമനം നടന്നിട്ടില്ല. കഴിഞ്ഞ 21നാണ് തൃശൂരില്‍ ഇവരുടെ പാസിങ് ഒൗട്ട് പരേഡ് നടന്നത്.
എസ്.ഐ നിയമനവുമായി ബന്ധപ്പെട്ട കോടതി വിധി പ്രകാരം ഒഴിവുകള്‍ താല്‍ക്കാലികമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ആഭ്യന്തര വകുപ്പ് നിയമന കാര്യത്തില്‍ ഇടക്കിടെ നിലപാട് മാറ്റുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
കോടതി വിധിയനുസരിച്ച് മാത്രമേ നിയമനം നല്‍കാവൂ എന്നതിനാല്‍ നിയമന ശിപാര്‍ശ തയാറാക്കരുതെന്ന് അറിയിച്ചാണ് കഴിഞ്ഞ നവംബറില്‍ 137 ഒഴിവുകള്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍െറ തുടര്‍ച്ചയെന്നോണം ഫെബ്രുവരിയില്‍ 337 ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ബാക്കി ഒഴിവുകളും റിപ്പോര്‍ട്ടു ചെയ്തു.
കേസില്‍ അപ്പീല്‍ പോകുന്നില്ളെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് നിയമന ശിപാര്‍ശ അയക്കാമെന്നും അറിയിച്ച് ആഭ്യന്തര വകുപ്പ് പിന്നീട് പി.എസ്.സിക്ക് കത്ത് നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടികളുമായി പി.എസ്.സി മുന്നോട്ടുപോകവേ ആഭ്യന്തര വകുപ്പ് നിലപാട് മാറ്റുകയും ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പി.എസ്.സി നിയമന നീക്കം നിര്‍ത്തിവെക്കുകയായിരുന്നു. ഏകീകൃത റാങ്ക് പട്ടിക മുഖ്യപട്ടികയും ഉപപട്ടികയുമായി വേര്‍തിരിക്കണമെന്ന കോടതി വിധിക്കെതിരെയാണ് ആഭ്യന്തര വകുപ്പ് അപ്പീല്‍ പോയത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് ആഭ്യന്തര വകുപ്പിന്‍െറ നിലപാട്. പൊലീസിലെ സംഘടനാ നേതാക്കളുടെ ഇടപെടലാണ് അപ്പീല്‍ പോകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിയമനം നടത്താമെന്ന് ഒരിക്കല്‍ പി.എസ്.സിയെ അറിയിച്ചാല്‍ അത് പിന്‍വലിക്കാന്‍ സാധാരണ രീതിയില്‍ പി.എസ്.സി അനുവദിക്കാറില്ല.
കേരള പൊലീസിന്‍െറ 27ാം എസ്.ഐ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നത്. 260 പേരാണ് ഈ ബാച്ചിലുള്ളത്. എ.കെ 47 ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ഏറ്റവും ശാസ്ത്രീയ പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്. ചെന്നൈയിലെ തമിഴ്നാട് പൊലീസ് അക്കാദമിയില്‍ കമാന്‍ഡോ പരിശീലനവും നല്‍കി. 19 വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച പാഠ്യപദ്ധതിയനുസരിച്ച് 12 മാസത്തെ പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്.
എസ്.ഐ നിയമനത്തിന് പി.എസ്.സിയുടെ പുതിയ റാങ്ക് പട്ടിക അടുത്തുതന്നെ പ്രസിദ്ധീകരിക്കാനിരിക്കെ, പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.