2018 ബാച്ചിലെ ഐ.എ.എസ് ദമ്പതികൾ; വ്യത്യസ്ത കേഡറിൽനിന്ന് ഒരേ കർമഭൂമിയിലേക്ക്... ശ്രദ്ധേയരായി ദമ്പതികൾ
പട്ന: യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിലൂടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെത്തിയ ദമ്പതികൾ ശ്രദ്ധേയരാകുന്നു. 2018ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെത്തിയ സാഹില ഹീറും നിതിൻ കുമാർ സിങ്ങുമാണ് ഇപ്പോൾ ബിഹാറിൽ സർവിസ് തുടരുന്നത്.
ജലന്ധർ സ്വദേശിനിയായ സാഹിലക്ക് ആദ്യം ലഭിച്ചത് ത്രിപുര കേഡറും വാരണാസി സ്വദേശിയായ നിതിന് ലഭിച്ചത് ബിഹാർ കേഡറുമായിരുന്നു. വിവാഹശേഷം സാഹിലയുടെ കേഡർ ബിഹാറിലേക്ക് മാറ്റിയതോടെ ഇരുവരുടെയും കർമഭൂമിയും ബിഹാറായി.
ജലന്ധറിലെ എം.ജി.എൻ സ്കൂളിലായിരുന്നു സാഹില ഹീറിന്റെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് പട്യാലയിലെ ഥാപർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കി. പിന്നീട് ഇവന്റ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും ചെയ്തു.
സിവിൽ സർവീസിലേക്കുള്ള യാത്രയിൽ തുടക്കത്തിൽ പരാജയങ്ങൾ നേരിട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. നാലാം ശ്രമത്തിലാണ് 2018ൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 572ാം റാങ്കോടെ വിജയിച്ചത്. സാഹിലയുടെ പിതാവ് ബി.എൽ. ഹീർ പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരുന്നു. മാതാവ് കുൽജീത് ഹീർ സ്കൂൾ പ്രിൻസിപ്പലായി വിരമിച്ചു.
ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയാണ് നിതിൻ കുമാർ സിങ്. ഐ.ഐ.ടി കാൺപൂരിൽ നിന്ന് കെമിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തിയത്. 2018 ബാച്ചിൽ ഐ.എ.എസ് ലഭിച്ച നിതിന് ബിഹാർ കേഡറാണ് ലഭിച്ചത്. ബിഹാറിൽ പട്ന സദർ എസ്.ഡി.ഒ, മധേപുര ജില്ലാ ഡെവലപ്മെന്റ് കൗൺസിൽ ചുമതലകൾ വഹിച്ച നിതിൻ പിന്നീട് ഭാഗൽപുർ മുനിസിപൽ കമീഷണറായും പ്രവർത്തിച്ചു. 2025 ഡിസംബറിൽ കൈമൂർ ജില്ലാ മജിസ്ട്രേറ്റായി നിയമിതനായി.
ഐ.എ.എസ് പരിശീലനകാലത്താണ് സാഹിലയും നിതിനും പരിചയപ്പെടുന്നത്. ഇരുവരുടെയും സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വ്യത്യസ്ത കേഡറുകളിലായിരുന്ന ഇരുവരെയും വിവാഹശേഷം ഒരേ സംസ്ഥാനത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതിനായി സാഹിലയുടെ കേഡർ ത്രിപുരയിൽ നിന്ന് ബിഹാറിലേക്ക് മാറ്റി. 2019ലാണ് ഈ ഇന്റർ കേഡർ ട്രാൻസ്ഫർ നടന്നത്.
ബിഹാർ കേഡറിലെത്തിയ ശേഷം സാഹില നർകട്ടിയാഗഞ്ച് എസ്.ഡി.ഒ ആയി സേവനമനുഷ്ഠിച്ചു. പിന്നീട് സഹർസ, പൂർണിയ എന്നിവിടങ്ങളിൽ ഡി.ഡി.സി ചുമതല വഹിച്ചു. പ്രൈമറി എജുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
2025 ഡിസംബറിലാണ് ബക്സർ ജില്ലാ മജിസ്ട്രേറ്റായി നിയമിതയായത്. അതേ കാലയളവിൽ നിതിൻ കൈമൂർ ജില്ലാ മജിസ്ട്രേറ്റായിരുന്നു. അങ്ങനെ അയൽ ജില്ലകളായ ബക്സറിന്റെയും കൈമൂരിന്റെയും ഭരണച്ചുമതല ഒരേ ഐ.എ.എസ് ബാച്ചിലെ ഈ ദമ്പതികൾക്കായിരുന്നു. 2026 ആഗസ്റ്റിൽ നിതിനെ ബിഹാർ സെക്കൻഡറി എജുക്കേഷൻ ഡയറക്ടറായി നിയമിച്ചു. സാഹില ബക്സർ ജില്ലാ മജിസ്ട്രറ്റായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.