15ലേറെ പരീക്ഷകളിൽ പരാജയം, തോറ്റുകൊടുക്കാൻ തയാറായില്ല; ഒടുവിൽ യുപിഎസ്‌സി സിഎപിഎഫിൽ 343ാം റാങ്ക് സ്വന്തമാക്കി മുൻ നാവികൻ

ന്യൂഡൽഹി: മത്സര പരീക്ഷകളിൽ നിരന്തരം പരാജയങ്ങൾ നേരിടേണ്ടിവന്നിട്ടും തോറ്റ് പിന്മാറാതെ യു.പി.എസ്.സി സി.എ.പി.എഫ് പരീക്ഷയിൽ മികച്ച റാങ്ക് സ്വന്തമാക്കി മുൻ നാവികസേനാ ഉദ്യോഗസ്ഥനായ മായങ്ക് സച്ചൻ. കാൺപൂർ സ്വദേശിയായ മായങ്ക് സച്ചൻ 2025ലെ യു.പി.എസ്.സി സെൻട്രൽ ആംഡ് ​പൊലീസ് ഫോഴ്സസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 343ാം റാങ്കാണ് നേടിയത്.

15ലേറെ മത്സരപരീക്ഷകളിൽ പ​​​ങ്കെടുത്തെങ്കിലും മായങ്ക് പരാജയപ്പെട്ടു. രണ്ട് എസ്.എസ്.ബി പരീക്ഷകളിലും പരാജയം നേരിടേണ്ടിവന്നു. സി.എ.പി.എഫിന്റെ രണ്ട് എഴുത്തുപരീക്ഷകളിൽ പരാജയം നേരിട്ടതിന് ശേഷം മൂന്നാം ശ്രമത്തിലാണ് മികച്ച വിജയം നേടിയത്.

സാധാരണ കുടുംബത്തിലാണ് മായങ്ക് വളർന്നത്. പത്താം ക്ലാസും പ്ലസ്ടുവും സർക്കാർ സ്കൂളിലായിരുന്നു. സ്വകാര്യ ഫാക്ടറിയിൽ ഇലക്ട്രീഷ്യനായിരുന്നു പിതാവ്. രണ്ട് സഹോദരങ്ങളുള്ള കുടുംബത്തിൽ സാമ്പത്തിക പരിമിതികൾ കാരണം എൻജിനീയറിങ് പഠനം എളുപ്പമായിരുന്നില്ല. തുടർന്ന് മായങ്ക് ഇന്ത്യൻ നാവികസേനയിൽ സെയിലറായി ചേർന്നു. 15 വർഷം നാവികസേനയിൽ സേവനം ചെയ്യുന്നതിനിടയിലും പഠനം തുടർന്നു. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

യൂണിഫോം സർവീസിൽ ഓഫീസറാകണമെന്ന ആഗ്രഹവുമായി മായങ്ക് നിരവധി പരീക്ഷകൾ എഴുതി. രണ്ട് തവണ എസ്.എസ്.ബിയിൽ പങ്കെടുത്തെങ്കിലും വിജയിക്കാനായില്ല. തുടർന്ന് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയും എഴുതി. എന്നാൽ പ്രിലിമിനറി ഘട്ടം കടക്കാനായില്ല. സി.എ.പി.എഫ് പരീക്ഷയിലും ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർച്ചയായ പരാജയങ്ങൾക്കിടയിലും പിന്മാറാൻ മായങ്ക് തയാറായില്ല. വീണ്ടും തയാറെടുപ്പ് തുടർന്നുകൊണ്ടിരുന്നു. മൂന്നാം തവണ സി.എ.പി.എഫ് പരീക്ഷയെഴുതിയപ്പോൾ അഖിലേന്ത്യ തലത്തിൽ 343ാം റാങ്ക് എന്ന നേട്ടം കൈയെത്തിപിടിക്കുകയായിരുന്നു മായങ്ക്.

നാവികസേനയിലെ ജോലിയാണ് പരീക്ഷാ തയാറെടുപ്പിനിടയിലെ സമ്മർദങ്ങളെ നേരിടാൻ തന്നെ സഹായിച്ചതെന്ന് മായങ്ക് പറയുന്നു. അച്ചടക്കം, സമ്മർദത്തിനിടയിലും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവ്, പക്വത എന്നിവ നാവികസേനാ സേവനത്തിലൂടെ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Failed 15 plus Exams Served 15 Years in Navy Mayank Sachan Clears UPSC CAPF with AIR 343

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.