മലമുകളിലെ ഗ്രാമത്തിൽനിന്ന് ഭൂമിയുടെ വടക്കേ അറ്റത്തേക്ക്; 16കാരൻ ലക്കിയുടെ സ്വപ്നയാത്ര

ന്യൂഡൽഹി: നീണ്ട ചില യാത്രകളുടെ തുടക്കം, ചി​ല​പ്പോൾ മറ്റൊരു യാത്രയുടെ അവസാനത്തി​ലായേക്കാം. അത്തരത്തിലൊരു യാത്രയുടെ തുടക്കത്തിലാണ് ഉത്തരാഖണ്ഡിലെ പത്താം ക്ലാസ് വിദ്യാർഥിയായ ലക്കി റാവത്തും. ഡോക്യുമെന്ററികളിലും പുസ്തകങ്ങളിലും മാത്രംകണ്ട ഉത്തരധ്രുവത്തിൽ കാലുകൾ പതിപ്പിച്ച് നിൽക്കുകയാണ് ചക്രതയിലെ രാജാനു സ്വദേശിയായ ലക്കി.

റഷ്യയുടെ ‘ഐസ്ബ്രേക്കർ ഓഫ് നോളഡ്ജ്’ എന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ -ശാസ്ത്ര ദൗത്യത്തിലൂടെയാണ് ലക്കി ഉത്തര ധ്രുവത്തിലെത്തിയത്. 22 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കൊപ്പം ആണവോർജ കപ്പലായ 50 ലെറ്റ് പോബെഡി എന്ന ഐസ് ബ്രേക്കർ കപ്പലിലായിരുന്നു യാത്ര.

മൂന്ന് ഘട്ടങ്ങളുള്ള പ്രയാസമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ലക്കി ഇന്ത്യയുടെ ഏക വിദ്യാർഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ടത്തിൽ 57ാം റാങ്കിലായിരുന്ന ലക്കി രണ്ടാം ഘട്ടത്തിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അവസാന ഘട്ടത്തിലെ പരീക്ഷണങ്ങളും വിലയിരുത്തലുകളും മറികടന്നാണ് ലക്കി ഉത്തര​ധ്രുവ യാത്രയിൽ പങ്കാളിയായത്. ജൂൺ 23നാണ് താൻ 22 വിദ്യാർഥികളിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വിവരം ലക്കിക്ക് ലഭിച്ചത്. ആ ദിവസം തനിക്ക് വ്യക്തമായി ഓർമയുണ്ടെന്നും ലക്കി പറയുന്നു.


ഉത്തരധ്രുവത്തിലെത്തിയതിന് ശേഷം ശാസ്ത്രപരമായ പരീക്ഷണങ്ങളിലും പഠന പ്രവർത്തനങ്ങളിലും ലക്കിയും മറ്റു വിദ്യാർഥികളും പങ്കെടുത്തു. 22 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പരിചയപ്പെടാനും വ്യത്യസ്ത സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും അടുത്തറിയാനും യാത്ര സഹായിച്ചുവെന്ന് ലക്കി പറയുന്നു. മർമൻസ്കിൽനിന്ന് യാത്ര തിരിച്ച സംഘം ഏകദേശം നാല് ദിവസത്തിനുശേഷമാണ് ഉത്തരധ്രുവത്തിലെത്തിയത്. ചുറ്റും മഞ്ഞ് മാത്രമാണ് കാണാൻ കഴിഞ്ഞതെന്ന് ലക്കി കൂട്ടിച്ചേർത്തു.

ഉത്തര​ധ്രുവത്തിൽ മാത്രം ഒതുങ്ങുന്നതല്ല ലക്കിയുടെ സ്വപ്നങ്ങൾ. ശാസ്ത്രം, ബഹിരാകാശം, കോഡിങ്, സാങ്കേതികവിദ്യ എന്നിവയിൽ താൽപര്യമുള്ള ലക്കിയുടെ സ്വപ്നം ബഹിരാകാശ ശാസ്ത്രജ്ഞനാകുക എന്നതാണ്. പതിനൊന്നാം വയസ്സിൽ കരാട്ടെ പഠിച്ച ലക്കി ഇപ്പോൾ 12 സ്വർണ്ണവും ആറ് വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 26 സംസ്ഥാനതല മെഡലുകളുടെ ഉടമയും കൂടിയാണ്. 2023ൽ ബ്ലാക്ക് ബെൽറ്റ് നേടി. കരാട്ടെയിലും തായ്‌ക്വോണ്ടോയിലും ദേശീയതല മെഡലുകളും നേടിയിട്ടുണ്ട്.

ലക്കിയുടെ അച്ഛൻ കർഷകനായ റാം സിങ്. അമ്മ അംഗൻവാടി ജീവനക്കാരിയായ ഗീത. മൂന്ന് സഹോദരിമാരാണ് ലക്കിക്ക്. ചെറുപ്പത്തിൽ തന്നെ എന്തെങ്കിലും പുതിയതായി ചെയ്യാനുള്ള ശ്രമം എപ്പോഴും ഉണ്ടായിരുന്നുവെന്ന് ലക്കി പറയുന്നു. ആ ശ്രമത്തിന്റെ ഭാഗമായാണ് ഉത്തരധ്രുവത്തിലെത്തിയതും.

Tags:    
News Summary - 16 Year Old From Uttarakhand Reaches North Pole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.