അതിജീവനത്തിന്റെ വലിയ കഥയാണ് കോട്ടയം കലക്ടറായി ചുമതലയേറ്റ ചേതൻ കുമാർ മീണയുടേത്. വലിയ ദാരിദ്ര്യമായിരുന്നു കൂട്ടി. രാജസ്ഥാനിലെ ജയ്സാൽമീർ സ്വദേശിയാണ് ചേതൻ കുമാർ മീണ. കോട്ടയത്തിന്റെ 50ാം കലക്ടറായാണ് ചേതൻ ചുമതലയേറ്റത്.
ഐ.ഐ.ടിയിൽ പഠിക്കാനാണ് പ്ലസ്ടു പഠനകാലത്ത് ചേതൻ ആഗ്രഹിച്ചത്. എന്നാൽ അതിനുള്ള പണമുണ്ടായിരുന്നില്ല. ബിരുദം നേടിയ ശേഷം സിവിൽ സർവീസ് പരീക്ഷയെഴുതാനായിരുന്നു ആഗ്രഹം. അപ്പോഴും പണം തന്നെ പ്രധാന വില്ലൻ. ഒടുവിൽ അമ്മ തന്റെ ആകെയുണ്ടായിരുന്ന സ്വർണം എടുത്ത് മകനെ പഠിപ്പിക്കാൻ അയച്ചു. അതുകൊണ്ടുമായില്ല. ഒടുവിൽ പകൽ പല ജോലികൾ ചെയ്ത് ചേതൻ പഠിക്കാനുള്ള പണമുണ്ടാക്കി. രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് പഠിക്കുകയും ചെയ്തു.
പിതാവായിരുന്നു കുടുംബത്തിന്റെ അത്താണി. സിവിൽ സർവീസ് പരീക്ഷയെഴുതാൻ ദിവസങ്ങൾ മാത്രങ്ങൾ അവശേഷിക്കെ, പിതാവിന് അർബുദം സ്ഥിരീകരിച്ചു. ആ സമ്മർദത്തിനിടെ പഠിച്ചിട്ടും ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടംനേടാൻ സാധിച്ചു. സംവരണമുള്ളതിനാൽ ഐ.എ.എസും ഉറപ്പായി.
ആ വാർത്തയറിഞ്ഞ് ദിവസങ്ങൾക്കകം പിതാവ് കണ്ണടച്ചു. ജീവിതത്തിൽ ഒരുപാടുതവണ ജാതിയധിക്ഷേപം നേരിട്ടയാളാണ് ചേതൻ. പഠിച്ചാൽ ഒരു കാര്യവുമില്ലെന്നും മറ്റും പറഞ്ഞ് പലരും ചേതനെ അധിക്ഷേപിച്ചു. ഡൽഹി കേരള ഹൗസിൽ അഡീഷനൽ റെസിഡന്റ് കമീഷണറായിരുന്നു. ഇനി കോട്ടയത്തിന്റെ 50ാം കലക്ടറാകാൻ ഒരുങ്ങുകയാണ് ഈ രാജസ്ഥാനി സ്വദേശി. ഡോ. ശാലിനി മീണയാണ് ഭാര്യ. ഹിന്ദി മീഡിയത്തിലാണ് ചേതൻ പഠിച്ചത്. ഹിന്ദി യു.പി.എസ്.സി വിജയത്തിന് തടസ്സമല്ലെന്ന് ചേതൻ തെളിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് ചേതൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.