ഡോ. ഷിബു സിദ്ധാര്‍ഥ്, ഡോ. റിവല്‍ ജോസ്
തേഞ്ഞിപ്പലം: എല്‍.ഇ.ഡി സാങ്കേതികവിദ്യയില്‍ പുതുതലമുറ ഗവേഷണവുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. സ്വര്‍ണ-ചെമ്പ് ലോഹസങ്കര നാനോക്ലസ്റ്ററുകള്‍ ഉപയോഗപ്പെടുത്തി പുത്തന്‍തലമുറ ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി.) സാങ്കേതികവിദ്യയില്‍ കുതിച്ചുചാട്ടം സാധ്യമാക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് സര്‍വകലാശാല നാനോസയന്‍സ് ആൻഡ് ടെക്നോളജി വിഭാഗം ഗവേഷകരാണ്. യൂനിവേഴ്സിറ്റി സ്മാര്‍ട്ട് മെറ്റീരിയല്‍സ് ലാബിലെ ഡോ. ഷിബു സിദ്ധാര്‍ഥ്, ഇദ്ദേഹത്തിന് കീഴില്‍ ഗവേഷണം പൂർത്തിയാക്കിയ ഡോ. റിവല്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഈ നാനോക്ലസ്റ്റര് അധിഷ്ഠിത എല്‍.ഇ.ഡി ചുവപ്പ് നിറത്തിന്റെ പാരമ്യത്തിലാണ് പ്രകാശിക്കുക. 12.6 ശതമാനം ബാഹ്യക്വാണ്ടം ക്ഷമതയും നല്‍കുന്നുണ്ട്.
മെറ്റീരിയല്‍ സയന്‍സിലെ സുപ്രധാന ജേണലുകളിലൊന്നായ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സില്‍ ഗവേഷണകണ്ടെത്തലുകള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിക്കറ്റില്‍നിന്ന് ഈ ജേണലിലുള്ള ആദ്യ പ്രസിദ്ധീകരണമെന്ന നിലയിൽ ഗവേഷണവഴികളില്‍ നാഴികക്കല്ലായിരിക്കുകയാണ് ഈ കണ്ടുപിടുത്തം. ഈ എല്‍.ഇ.ഡി. തീര്‍ത്തും പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണെന്നതും ഉപയോഗ സാധ്യതകൾ വര്‍ധിപ്പിക്കുന്നു. ഐ.ഐ.എസ്.സി ബംഗളൂരു, ഐ.ഐ.ടി മദ്രാസ്, ടാംപെരെ യൂനിവേഴ്സിറ്റി (ഫിന്‍ലാന്‍ഡ്), ഹോക്കൈഡോ യൂനിവേഴ്സിറ്റി (ജപ്പാന്) എന്നിവയുള്‍പ്പെടെ പ്രമുഖ ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഗവേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.