കോഴിക്കോട്: കേരള ഹിസ്റ്ററി കോൺഫറൻസ് പ്രഥമ എം.ജി.എസ് പുരസ്കാരത്തിന് പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ. കെ. ഗോപാലൻകുട്ടിയെ തെരഞ്ഞെടുത്തു. കേരള ചരിത്ര രചനക്ക് സവിശേഷ സംഭാവന നൽകിയവർക്കാണ് പുരസ്കാരമെന്ന് കേരള ഹിസ്റ്ററി കോൺഫറൻസ് പ്രസിഡൻറ് ഡോ. പി. മോഹൻദാസും സെക്രട്ടറി ഡോ. കെ വിജയകുമാരിയും അറിയിച്ചു.
ആധുനികചരിത്ര രചനയിൽ ഉൾക്കാഴ്ചയുള്ള മികച്ച ഗവേഷണ സംഭാവനകൾ നൽകിയ പ്രഫ. കെ. ഗോപാലൻകുട്ടി കേരളത്തിലെ ദേശീയപ്രസ്ഥാനം, ഇടതുപക്ഷ മുന്നേറ്റം, മലബാർ കലാപ പഠനം, കർഷക - തൊഴിലാളി - അധ്യാപക പ്രസ്ഥാനം, തുടങ്ങിയ വിഷയങ്ങളിൽ അതുല്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തുകയും ഗവേഷണ പ്രബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. പ്രഫ. കെ. ഗോപാലൻകുട്ടിയുടെ അധ്യാപന - ഗവേഷണ- ധൈഷണിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ചുകൊണ്ടാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
2025 നവംബർ 29ന് കൊയിലാണ്ടി ഗവ. കോളജിൽ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര കേരള ഹിസ്റ്ററി കോൺഫറൻസിൽ പ്രഫ. എം.ജി.എസ്. നാരായണന്റെ പത്നി പ്രേമലത നാരായണൻ പുരസ്കാരം പ്രഫ. കെ. ഗോപാലൻകുട്ടിക്ക് കൈമാറും. 25,000 രൂപയും അനുമോദന പത്രവുമാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.