കണക്കിലെ കളികൾ കുണ്ടറയുടെ ഈ ‘എന്തിരന്’ നിസ്സാരം

കുണ്ടറ: രജനീകാന്തിന്‍റെ ‘യന്തിരൻ’ ഓർമയില്ലേ, ഒരു നിമിഷം കൊണ്ട് ടെലിഫോൺ ഡയറക്ടറി മന:പാഠമാക്കുക, തടിച്ച പുസ്തകങ്ങൾ മിനിട്ടുകൾക്കുള്ളിൽ വായിച്ചു തള്ളുക. മനുഷ്യർക്ക് അസാധ്യമായ ഇത്തരം കാര്യങ്ങൾ ‘യന്തിരൻ’ ചെയ്യുമ്പോൾ ഇത് സിനിമയല്ലേ എന്ന മനോഭാവമായിരുന്നു നമുക്ക്. എന്നാൽ, ഇതേ കഴിവുകൾ തലച്ചോറിലൊളിപ്പിച്ച ഒരു യന്തിരൻ കുണ്ടറക്ക് സ്വന്തമായുണ്ട്.

നാന്തിരിക്കൽ വെട്ടിലിൽ പുത്തൻവീട്ടിൽ അജി ആണ് ഓർമ ശക്തിയിൽ അസാധാരണ കഴിവുമായി ഗിന്നസ് റെക്കോഡ് കീഴടക്കി ‘യന്തിരൻ’ ശക്തി തെളിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് അജിയുടെ കഴിവ് പരിശോധനകൾ പൂർത്തിയാക്കി ഗിന്നസ് വേൾഡ് റെക്കോഡ് നൽകിയത്. ഓര്‍മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്. വെറും നാല് നിമിഷംകൊണ്ട് ഏറ്റവും നീളമുള്ള നമ്പര്‍ ശ്രേണി ഓര്‍ത്തെടുത്തു പറഞ്ഞാണ് അജി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നാല് നിമിഷം കൊണ്ട് സ്‌ക്രീനില്‍ ഉണ്ടായിരുന്ന 48 നമ്പറുകളാണ് അജി ഓര്‍ത്തുപറഞ്ഞത്. ദുബൈയില്‍ വെച്ച് അറേബ്യൻ ബുക്ക് ഓഫ് റെക്കോര്‍ഡ്സും അജി ഏറ്റുവാങ്ങിയിരുന്നു. ഇരട്ടി മധുരം ആയാണ് അതിനൊപ്പം ഗിന്നസ് ലോക റെക്കോര്‍ഡും അജിയിലേക്ക് എത്തിച്ചേര്‍ന്നത്.

ഐ.ക്യൂ.ഇ.ഡി ഫൗണ്ടര്‍ കൂടിയായ അജി ഇതിനോടകം 33 പി.എസ്.സി പരീക്ഷകളും പാസായിട്ടുണ്ട്. യു.പി.എസ്.സി, ഇന്റലിജന്‍സ് ബ്യുറോ, ബാങ്ക് പരീക്ഷകളും ഉൾപ്പെടുന്നു. എന്നാല്‍, വനം വകുപ്പാണ് അജി തെരഞ്ഞെടുത്തത്.

വിദ്യാർഥികളുടെ ഗണിതശാസ്ത്ര കഴിവുകളും ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള കഴിവും വികസിപ്പിക്കുന്നതിനായി തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് അജി. പുറത്തുനിന്നും ലഭിച്ച ജോലിക്കുള്ള ഓഫറും നിരസിച്ചിരുന്നു. വിദേശ രാജ്യത്തില്‍നിന്നും ന്യൂറോ റിസര്‍ച്ചിനായുള്ള ഓഫര്‍ നിരസിച്ച അജി, ബംഗളൂരു നിംഹാന്‍സിനൊപ്പം ചേര്‍ന്ന് റിസർച്ച് ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുത്തത്. 30 നമ്പറുകള്‍ നാല് സെക്കന്റ് കൊണ്ട് ഓര്‍ത്തുപറഞ്ഞ പാകിസ്താന്‍സ്വദേശിയുടെ ഗിന്നസ് റെക്കോഡ് ആണ് അജി തകര്‍ത്തത്. ലോറി ഡ്രൈവറായ അച്ഛന്റെയും തൊഴിലുറപ്പ് ജോലിക്കാരിയായ അമ്മയുടെയും രണ്ടാമത്തെ മകനായ അജി, ചെറുപ്പം മുതല്‍ തന്നെ ഗണിതശാസ്ത്ര കഴിവുകള്‍ വികസിപ്പിക്കാനും ഓര്‍മശക്തി വികസിപ്പിക്കാനുമുള്ള വഴികള്‍ കണ്ടെത്തിയിരുന്നു. ഒട്ടേറെ വര്‍ഷത്തെ കഠിനമായ പരിശ്രമം കൊണ്ടാണ് അദ്ദേഹം ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. സ്‌ക്രീനില്‍ തെളിയുന്ന 48 നമ്പറുകള്‍ നാല് നിമിഷങ്ങള്‍ കൊണ്ട് ഓര്‍ത്തെടുത്ത്, അത് മുന്നോട്ടും പിന്നോട്ടും പറയാന്‍ അജിക്ക് സാധിക്കും.

ഖുർആനിലെ 114 അധ്യയങ്ങളും നിമിഷങ്ങൾക്കുള്ളിൽ അജി പറയും. ഇതിൽ ഇടക്കുള്ള ഇത്രാമത്തെ അധ്യായം ഏതെന്ന് ചോദിച്ചാലും പിന്നിൽ നിന്ന് മുന്നോട്ടുള്ള അധ്യായങ്ങളുടെ പേരുകളും മണിമണി പോലെ പറയും. 118 മൂലകങ്ങളുടെ പേരുകളും പ്രത്യേകതകളും, ഗേറ്റിൻ്റെ കമ്പി അഴികൾ, വലക്കണ്ണികളുടെ എണ്ണം നിസാരമായി പറയും. പതിമൂന്ന് ഭാഷകളിൽ പ്രാഥമിക വിവരം. ആവശ്യപ്പെടുന്ന ഏത് വാക്കും ഇംഗ്ലീഷ് ഹിന്ദി, തമിഴ്, സംസ്കൃതം, അറബി, ഉറുദു തെലുങ്ക്, ഗുജറാത്തി, കന്നട തുടങ്ങി പ്രാചീനലിപികളിൽ വരെയുള്ള വാക്കുകൾ നിമിഷങ്ങൾകൊണ്ട് എഴുതും. 300 അക്കമുള്ള സംഖ്യ തെറ്റാതെ ഓർത്തെടുത്ത് പിന്നിൽ നിന്ന് പറയും. 13 അക്കമുള്ള രണ്ട് സംഖ്യകൾ തമ്മിൽ ഗുണിക്കാൻ വേണ്ടത് വെറും ഒരു സെക്കൻറ്. മൂന്ന് മീറ്റർ അകലത്തിൽ പിടിക്കുന്ന പത്രത്തിലെ എട്ട് പോയിൻറ് വാർത്ത അനായാസം വായിക്കും.

വനം വകുപ്പില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറായി ജോലി നോക്കുന്ന അദ്ദേഹം, ഇപ്പോള്‍ കുട്ടികള്‍ക്ക് തന്റെ ഈ വിദ്യ പകര്‍ന്നുകൊടുക്കുന്നതിനായി അഞ്ചു വര്‍ഷത്തേക്ക് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

Tags:    
News Summary - Entiran of Kundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.