കോച്ചിങ്​ സെന്ററിൽ പോകാൻ പണമുണ്ടായിരുന്നില്ല; സ്വയം പഠിച്ച് സെക്യൂരിറ്റി ഗാർഡി​ന്റെ മകൾ നേടി സിവിൽ സർവീസ്

സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയെടുക്കുക എന്നത് വളരെ വിഷമം പിടിച്ചതാണ്. ചിലർ പാതിവഴിയിൽ പരീക്ഷക്കുള്ള തയാറെടുപ്പ് ഉപേക്ഷിക്കും. മറ്റു ചിലർ എല്ലാ വെല്ലുവിളികളും നേരിട്ട് അവസാനം വരെ പോരാടും. അവരിൽ ചിലർ ഐ.എ.എസ് ഉദ്യോഗസ്ഥരാകും, ചിലർ ഐ.പി.എസുകാരും. മറ്റു ചിലർ ഫോറിൻ സർവീസ് തെരഞ്ഞെടുക്കും.

സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കാൻ തന്നെ ഒരുപാട് പഠന സാമഗ്രികൾ വേണം. നല്ലൊരു കോച്ചിങ് സെന്ററിൽ പോയി പഠിക്കേണ്ടിയും വരും. മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ വരെ പഠനത്തിനായി മാറ്റിവെക്കേണ്ടി വരും.

സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടി ബുദ്ധിശക്തി കൊണ്ട് മാത്രം സിവിൽ സർവീസ് വിജയിച്ച കഥയാണ് പറയാൻ പോകുന്നത്. സ്വന്തം നിലക്ക് തയാറെടുത്ത് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 137ാം റാങ്ക് നേടിയ അങ്കിത കാന്തുവിനെ കുറിച്ച്.

ഒരു സാധാരണ കുടുംബത്തിലാണ് അങ്കിത ജനിച്ചത്. ഒരുപാട് പ്രയാസങ്ങളിലൂടെയാണ് അവരുടെ ബാല്യം കടന്നുപോയത്. സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്നു അങ്കിതയുടെ അച്ഛൻ ദേവേശ്വർ കാന്തി. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന കമ്പനിയായിരുന്നു അത്. വീട്ടമ്മയാണ് അമ്മ ഉഷ കാന്തി. അവരുടെ നാലു പെൺമക്കളിൽ മൂത്തത്ത് അങ്കിതയായിരുന്നു. സ്വാഭാവികമായും കുടുംബത്തിന്റെ ഉത്തരവാദിത്തം വന്നുചേരും.

ഡെറാഡ്യൂണിലെ ദൂൺ മോഡേൺ സ്കൂളിൽ നിന്നാണ് അങ്കിത 10ാം ക്ലാസ് വിജയിച്ചത്. കർബാരി പബ്ലിക് സ്കൂളിൽ നിന്ന് 12ാം ക്ലാസ് 96.4 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. ഉത്തരാഖണ്ഡിൽ പ്ലസ്ടുവിന് മികച്ച മാർക്ക് ലഭിക്കുന്നവരിൽ നാലാംറാങ്കായിരുന്നു അങ്കിതക്ക്. ഫിസിക്സ് ആയിരുന്നു ആ മിടുക്കിയുടെ പ്രിയപ്പെട്ട വിഷയം. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അങ്കിത സിവിൽ സർവീസിന് ശ്രമിച്ചത്.

കുടുംബത്തിന്റെ സാമ്പത്തിക നില കണക്കിലെടുത്ത് നോയ്ഡയിലെ താമസസ്ഥലത്തിരുന്ന് സ്വന്തം നിലക്കാണ് അങ്കിത യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുത്തത്. പഠിക്കാനായി ആവശ്യത്തിന് മെറ്റീരിയലുകൾ പോലുമുണ്ടായിരുന്നില്ല. ഹിന്ദി മീഡിയത്തിലായിരുന്നു മുമ്പ് പഠിച്ചിരുന്നതൊക്കെ. എന്നാൽ എല്ലാ വെല്ലുവിളികളെയും അസ്ഥാനത്താക്കി 2024ലെ യു.പി.എസ്.സി സി.എസ്.സി പരീക്ഷിൽ 137ാം റാങ്ക് അങ്കിത സ്വന്തമാക്കി. ഹിന്ദി മാധ്യമത്തിലായിരുന്നു അഭിമുഖവും പൂർത്തിയാക്കിയത്.

Tags:    
News Summary - Meet UPSC topper, daughter of security guard secured UPSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.