നാല് സഹോദരങ്ങളും സിവിൽ സർവ്വീസിൽ; ആരും കൊതിക്കുന്ന ജീവിത വിജയം നേടിയ കുടുംബത്തിന്റെ കഥ അറിയാം

ലഖ്‌നൗ: സ്വപ്നങ്ങൾക്ക് പിന്നാലെ കൂടിയാൽ എന്നായാലും സഫലമാകുമെന്നതിന്റെ ഉദാഹരണമാണ് ഈ കുടുംബത്തിന്റെ അനുഭവം. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഈ നാല് സഹോദരങ്ങള്‍ സിവില്‍ സര്‍വ്വീസ് നേടിയ കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും അമ്പരപ്പ് തോന്നും. അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജർക്ക് നാല് മക്കളാണുളളത്. രണ്ട് ആണും രണ്ട് പെണ്ണും. പ്രതിസന്ധികളില്‍ ഉഴറിയ ബാല്യകാലമായിരുന്നു ഇവരുടേത്. എങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാണ് അനില്‍ പ്രകാശ് ശ്രമിച്ചത്.

നാല് മക്കളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ യോഗേഷ് മിശ്രയാണ്. ഇന്ന് അയാള്‍ ഒരു ഐ.എ.എസ് ഓഫീസറാണ്. ലാല്‍ഗഞ്ചില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പഠിച്ചത്. തുടര്‍ന്ന് നോയിഡയില്‍ ജോലി ചെയ്തു. അപ്പോഴും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. പരിശ്രമങ്ങള്‍ക്കൊടുവില്‍ 2013-ല്‍ യുപിഎസ്സി പരീക്ഷ വിജയിച്ചു. അങ്ങനെയാണ് യോഗേഷ് ഐഎഎസ് ഓഫീസറാകുന്നത്.

യോഗേഷിന്റെ സഹോദരി ക്ഷമ മിശ്രയും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി കടുത്ത തയ്യാറെടുപ്പാണ് നടത്തിയത്. പക്ഷേ ആദ്യ മൂന്ന് തവണയും ആ കടമ്പ മറികടക്കാനായില്ല. നിരാശയായെങ്കിലും ക്ഷമ മിശ്ര പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. പിന്നേയും പരിശ്രമിച്ചു. ഒടുക്കം നാലാം തവണയാണ് സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്. ക്ഷമ ഐ.പി.എസ് ഓഫീസറായാണ് ജോലി ചെയ്തത്.


മൂന്നാമത്തേയാള്‍ മാധുരി മിശ്രയാണ്. ലാല്‍ഗഞ്ചില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം മാസ്റ്റേഴ്‌സ് ബിരുദമെടുക്കാന്‍ മാധുരി അലഹബാദിലേക്ക് പോയി. അതിന് ശേഷം 2014-ലാണ് യുപിഎസ്സി പരീക്ഷയില്‍ വിജയം കൊയ്യുന്നത്. തുടര്‍ന്ന് ജാര്‍ഖണ്ഡ് കേഡറില്‍ ഐ.എ.എസ് ഓഫീസറായി നിയമിതയായി.

കൂട്ടത്തിലെ ഏറ്റവും ഇളയവനാണ് ലോകേഷ് മിശ്ര. കുടുംബത്തിലെ പതിവുകളൊന്നും തെറ്റിക്കാതെ യുപിഎസ്സി പരീക്ഷ അവനും മറികടന്നു. അത് പക്ഷേ ഉജ്വല വിജയം നേടിക്കൊണ്ടായിരുന്നു. 2015-ലെ യുപിഎസ്സി പരീക്ഷയില്‍ ലോകേഷ് 44-ാം റാങ്കാണ് നേടിയത്. ഇപ്പോള്‍ ബീഹാര്‍ കേഡറിലാണ് ലോകേഷ് ജോലി ചെയ്യുന്നത്.

'ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്? എന്റെ മക്കള്‍ കാരണമാണ് ഞാനിന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.'- മക്കള്‍ കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്പോള്‍ അനില്‍ പ്രകാശ് മിശ്രയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം.

'കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടത്. കുട്ടികള്‍ അവരുടെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു'- അനില്‍ പ്രകാശ് മിശ്ര പറയുന്നു.

Tags:    
News Summary - ‘We All Made It’: Meet the 4 Siblings Who Cracked UPSC CSE to Become IAS, IPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.