ലഖ്നോ: 2024ലാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ഉത്തർപ്രദേശിലെ സഹറൻപുരിൽനിന്നുള്ള ഈ പെൺകുട്ടി ആറാം റാങ്ക് നേടിയത്. കൊമാൽ പൂനിയ എന്നാണ് ആ മിടുക്കിയുടെ പേര്. ഐ.ഐ.ടി റൂർക്കീയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് പൂനിയ സിവിൽ സർവീസ് പരിശീലനം തുടങ്ങിയത്. 2022ലായിരുന്നു അത്. ആദ്യതവണ പരീക്ഷയെഴുതിയപ്പോൾ മെയിൻസിൽ പരാജയപ്പെട്ടു. 2023ൽ അഖിലേന്ത്യ തലത്തിൽ 474ാം റാങ്ക് കരസ്ഥമാക്കി. അങ്ങനെ ഐ.പി.എസിൽ ചേർന്നു. ഐ.എ.എസ് ആയിരുന്നു സ്വപ്നം. അത് പൂവണിയാതെ പിന്നോട്ടില്ലെന്ന് പൂനിയ ഉറപ്പിച്ചു. അങ്ങനെ 2024ൽ ഒരിക്കൽ കൂടി സിവിൽ സർവീസ് പരീക്ഷയെഴുതി ആറാം റാങ്ക് സ്വന്തമാക്കിയ പൂനിയ ഐ.എ.എസ് എന്ന തന്റെ വലിയ സ്വപ്നം നിറവേറ്റുകയും ചെയ്തു.
ഫിസിക്സ് ആയിരുന്നു പൂനിയയുടെ ഓപ്ഷനൽ വിഷയം. മുൻ വർഷത്തെ ചോദ്യപേപ്പറുകളിൽ ഫോക്കസ് ചെയ്തായിരുന്നു പഠനം. ചെറിയ കുറിപ്പുകൾ തയാറാക്കിയും ശാസ്ത്രീയമായ രീതിയിലുമൊക്കെ പഠിച്ചു. മണിക്കൂറുകളോളം ഇരുന്ന് പഠിക്കുന്നതിന് ഇടയിലും അത് കൃത്യമാണെന്ന് ഉറപ്പിക്കാൻ പൂനിയ മറന്നില്ല.
ഐ.പി.എസ് പരിശീലനത്തിന് ഇടയിലായിരുന്നു അഭിമുഖം വന്നത്. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകാൻ പൂനിയക്ക് സാധിച്ചില്ല. എന്നാൽ അറിയാത്ത ചോദ്യങ്ങൾക്ക് മുന്നിൽ പതറിയതുമില്ല.
വെല്ലുവിളികളില്ലാതെയായിരുന്നു പൂനിയയുടെ സിവിൽ സർവീസ് യാത്ര എന്ന് കരുതരുത്. സിവിൽ സർവീസിന് തയാറെടുക്കുന്ന കാലത്ത് കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സ്ഥിര ജോലി കണ്ടെത്തുന്നതിന് പകരം വർഷങ്ങൾ യു.പി.എസ്.സി പരിശീലനത്തിനായി മാറ്റിവെച്ചത് പലരിൽ നിന്നും വിമർശനത്തിനിടയാക്കി. എന്നാൽ അതൊന്നും പൂനിയയെ തളർത്തിയില്ല. അചഞ്ചലരായിരിക്കുക, മനസിന്റെ കടഞ്ഞാൻ നിങ്ങളുടെ കൈയിലായിരിക്കുക, ഒരു തിരിച്ചടിയിലും പതറാതിരിക്കുക...ഈ മൂന്നുകാര്യങ്ങളുമുണ്ടെങ്കിൽ വിജയം നിങ്ങളെ തേടിയെത്തുമെന്നാണ് പൂനിയക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.