പി.എസ്.സി പഠനത്തിന്​ പിന്നാലെ അറിവ് പങ്കുവെക്കൽ; പരിശീലന സഹായിയുമായി സൗഹൃദക്കൂട്ടം

കൊച്ചി: പി.എസ്.സി പരീക്ഷ തയാറെടുപ്പിന്​ തുടങ്ങിയ സൗഹൃദക്കൂട്ടം, പരീക്ഷക്കുശേഷം പഠിച്ചെടുത്തത് പങ്കുവെക്കാൻ ഒരുക്കിയത് 2600ലേറെ ചോദ്യോത്തരങ്ങളുൾപ്പെടുന്ന സമഗ്ര പരിശീലന സഹായി.

പാലക്കാട് എൻ.എസ്.എസ് കോളജിലും മറ്റും സിവിൽ എൻജിനീയറിങ് പഠിച്ച 10 കൂട്ടുകാർ ചേർന്ന് പുറത്തിറക്കിയ പുസ്തകം ഉദ്യോഗാർഥികൾക്കിടയിൽ ഹിറ്റാവുകയാണ്. 2020 ഫെബ്രുവരിയിൽ നടന്ന പി.എസ്.സി അസി. എൻജിനീയർ (സിവിൽ) പരീക്ഷക്കായി നടത്തിയ തയാറെടുപ്പിന്​ പിന്നാലെയാണ് പഠിച്ചതെല്ലാം മറ്റുള്ളവർക്ക്​ കൂടി പ്രയോജനപ്പെടാൻ പുസ്തകമാക്കി ഇറക്കിയാലോ എന്ന ചിന്ത ഇവരിലുണ്ടായത്.

ഇവർ കർമപദ്ധതി തയാറാക്കിയത് വി ‍ഫോർ സിവിൽ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു. പഞ്ചായത്ത് വകുപ്പിൽ താൽക്കാലിക ജീവനക്കാരനായ ജെ. അജേഷ് മണ്ണാർക്കാട്, മലപ്പുറത്ത് സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായ യു.െക. ഷുഹൈബ് മുഹമ്മദ്, റെയിൽവേയിൽ ജൂനിയർ എൻജിനീയർമാരായ മുനവ്വർ ജുമാൻ, ഹനു ചന്ദ്രൻ, ബി.പി.സി.എല്ലിൽ സിവിൽ എൻജിനീയറായ എൻ. ശ്രീലക്ഷ്മി, ചെന്നൈയിലെ എൽ ആൻഡ് ടിയിൽ സീനിയർ ഡിസൈൻ എൻജിനീയറായ ജെ.പി. വിഷ്ണു ജയപ്രകാശ്, അധ്യാപകരായ കെ.വി. ഷാറൂഖ്, ബി. നിഹാൽ, ആനന്ദ് കെ. വിശ്വനാഥൻ, വനംവകുപ്പിൽ ജോലി ചെയ്യുന്ന സി. ഷഫീദ് എന്നിവരാണ് കൂട്ടായ്മയിലുള്ളത്.

ഈ രംഗത്ത് പഠനസാമഗ്രികൾ വേണ്ടത്രയില്ലെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു സംരംഭത്തിലേക്കിറങ്ങിയതെന്ന് ഷുഹൈബ് പറയുന്നു. മുന്നൊരുക്കങ്ങളേറെയും ഓൺലൈനായിരുന്നു. 716 പേജിലായി മുൻവർഷങ്ങളിലെ ചോദ്യോത്തരങ്ങൾ, വിശദമായ പ്രശ്നപരിഹാരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പുസ്തകത്തിന് 789 രൂപയാണ് വില. ഇറങ്ങി ഒരു മാസത്തിനകം ആയിരത്തിലേറെ എണ്ണം വിറ്റുപോയി. https://www.we4civil.in/ എന്ന വെബ്സൈറ്റിലും ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലും ലഭ്യമാണ്.

Tags:    
News Summary - Knowledge sharing after PSC study; friends made a book for civil engineering exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.