സാംസങ് കമ്പനിയിലെ 70 ലക്ഷം രൂപ ശമ്പളമുള്ള ജോലി കളഞ്ഞ് സിവിൽ സർവീസിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ജെ.ഇ.ഇ ടോപ്പർ

ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ജെ.ഇ.ഇ പരീക്ഷ എഴുതുന്നത്. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് പരീക്ഷകളുണ്ട്. 2011ൽ ഒന്നാമനായി ഐ.ഐ.ടി ജെ.ഇ.ഇ പരീക്ഷ വിജയിച്ച പൃഥ്വി തേജ് ഇമ്മാദിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തേജിന്റെ ജീവിതം മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് വലിയ പ്രചോദനമാണ്. ആന്ധ്രപ്രദേശിലെ തിരുമലയിലെ ദ്വാരകയാണ് തേജിന്റെ ജൻമനാട്.

ബോംബെ ഐ.ഐ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലാണ് തേജ് ബിരുദം പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കുന്നതിന് മുമ്പേ തേജിനെ റാഞ്ചാൻ വൻകിട കമ്പനികളെത്തുകയും ചെയ്തു. സാംസങ്ങിൽ നിന്ന് 70 ലക്ഷം രൂപയുടെ ഓഫറാണ് ലഭിച്ചത്.

അതേ വർഷം തന്നെ ബോംബെ ഐ.ഐ.ടിയിലെ ആദിത്യ ബിർല സ്കോളർഷിപ്പും തേജിനെ തേടിയെത്തി. ഒരു വർഷം സാംസങ് കമ്പനിയുടെ ഭാഗമായി തേജ്. 2016ൽ ഇന്ത്യയിൽ മടങ്ങിയെത്തി. മറ്റൊന്നിനുമായിരുന്നില്ല അത്, യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കാനായിരുന്നു. സാധാരണ വലിയ ശമ്പളത്തിലുള്ള ജോലി ലഭിച്ചാൽ അതിൽ തൃപ്തിയടയുന്നവരാണ് ഭൂരിഭാഗം ആളുകളും. അവർക്കിടയിലാണ് തേജ് വ്യത്യസ്തനാകുന്നത്.

തേജിന്റെ പഠന രീതിയും വ്യത്യസ്തമായിരുന്നു. സിവിൽ സർവീസിന് അപേക്ഷ നൽകിയ ദിവസം മുതൽ പരിശീലനവും തുടങ്ങി. സിലബസ് നന്നായി അവലോകനം ചെയ്തു. മുൻവർഷത്തെ ചോദ്യ​പേപ്പറുകൾ മനസിരുത്തി പഠിച്ചു. ദിവസവും 14മണിക്കൂറിലേറെ പഠനത്തിനായി മാറ്റിവെക്കുമായിരുന്നു.അങ്ങനെ ആദ്യശ്രമത്തിൽ 24ാ​ം റാങ്കോടെ തേജ് സിവിൽ സർവീസ് പരീക്ഷ വിജയിച്ചു. ഇപ്പോൾ ആന്ധ്രപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്.

Tags:    
News Summary - IIT-JEE topper who studied at IIT Bombay, left Rs 70 lakh job to become IAS officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.