സിവിൽ സർവീസ് പരീക്ഷയിൽ 91ാം റാങ്ക് നേടിയ മനു ഗാർഗ് അമ്മ വന്ദന ജെയിനിനൊപ്പം
കാഴ്ച നഷ്ടപ്പെടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാൽ മനു ഗാർഗിനെ സംബന്ധിച്ച് അത് ജീവിതത്തിൽ മുന്നേറാനുള്ള ഒരു ആയുധമായിരുന്നു. എല്ലാ പരിമിതികളെയും വെല്ലുവിളിച്ചാണ് മനു 2024ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 91ാം റാങ്ക് നേടിയത്.
ബ്രയിലി ലിപി പഠിച്ചിട്ടല്ല മനു ഈ വലിയ നേട്ടം കൈയെത്തിപ്പിടിച്ചത്. സാങ്കേതിക വിദ്യ ബുദ്ധിപൂർവം ഉപയോഗിച്ചതും നിശ്ചയദാർഢ്യവുമാണ് ഈ വിജയത്തിന് പിന്നിൽ. അമ്മയുടെ ഉറച്ച പിന്തുണയും ഒപ്പമുണ്ടായിരുന്നു. സിംഗിൾ മദറാണ് വന്ദനാ ജെയിൻ. ''ഫലമറിഞ്ഞപ്പോൾ സന്തോഷത്തേക്കാളുപരി വലിയ ആശ്വാസമാണ് തോന്നിയത്. സ്വാതന്ത്ര്യം കിട്ടിയത് പോലെയായിരുന്നു. കാരണം ഇനിയൊരിക്കൽ കൂടി പ്രിലിംസിനായി പഠിക്കാനിരിക്കുന്നത് ആലോചിക്കാൻ പോലും വയ്യായിരുന്നു.'' -മനു പറയുന്നു. യു.പി.എസ്.സി പരീക്ഷയിൽ മികച്ച റാങ്കുള്ളതിനാൽ താനുദ്ദേശിച്ച പോസ്റ്റ് കിട്ടുമെന്ന വിശ്വാസത്തിലാണ് ഈ മിടുക്കൻ.
ഉറച്ച ആഗ്രഹം എന്നതിലുപരി പ്രചോദനമാണ് മനുവിനെ യു.പി.എസ്.സി സിവിൽ സർവീസിന് തയാറെടുക്കാൻ പ്രേരിപ്പിച്ചത്. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് അപൂർവ ജനിതകരോഗം ബാധിച്ച് മനുവിന് കാഴ്ച നഷ്ടമായത്. വലിയൊരു ആഘാതമായിരുന്നു അത്. മാനസികമായും ശാരീരികമായും നന്നായി ബുദ്ധിമുട്ടി. എന്നാൽ സുഹൃത്തുക്കളും അധ്യാപകരും സമൂഹവും മനുവിന് പിന്തുണയുമായി ഒപ്പം നിന്നു. നല്ലൊരു കരിയർ കണ്ടെത്താനും അവർ വഴികാണിച്ചു.
ലോക്ഡൗൺ കാലത്താണ് മനു സിവിൽ സർവീസ് പരിശീലനം തുടങ്ങുന്നത്. ഡൽഹിയിലെ ഹിന്ദു യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. കോവിഡ് കാലം പരീക്ഷയെ കുറിച്ച് മനസിലാക്കാനും തയാറെടുപ്പുകൾ തുടങ്ങാനും ഒരുപാട് സഹായിച്ചു.
2023ലെ ആദ്യശ്രമത്തിൽ പ്രിലിംസ് കടക്കാനായെങ്കിലും മെയിൻസ് വിജയിക്കാനായില്ല. 2024ലാണ് മെയിൻസിന് വ്യത്യസ്തമായ ഘടനയാണെന്ന് മനു മനസിലാക്കിയത്. അതനുസരിച്ച് പഠനരീതിയും മാറ്റി.
വീട്ടമ്മയാണ് മനുവിന്റെ അമ്മയായ വന്ദന. എല്ലാറ്റിനും പാറപോലെ മനുവിന്റെ പിന്നിൽ വന്ദന ഉറച്ചുനിന്നു. പാഠപുസ്തകങ്ങൾ വായിച്ചു കൊടുത്തിരുന്നത് വന്ദനയായിരുന്നു. അമ്മ ഒരു വരി പോലും വിടാതെ ഉച്ചത്തിൽ വായിക്കും. അതുകേട്ട് മനു പഠിച്ചു.
ഹിന്ദു കോളജിൽ ചേർന്നപ്പോൾ വന്ദനയും താമസം ഡൽഹിയിലേക്ക് മാറ്റി. മകൻ ലക്ഷ്യം നേടുന്നത് വരെ വന്ദന പിൻമാറിയില്ല. 'അമ്മ എനിക്ക് വേണ്ടി ചെയ്തതിന്റെ 10 ശതമാനമെങ്കിലും തിരിച്ചുകൊടുക്കാൻ കഴിഞ്ഞാൽ എന്റെ ജീവിതം ധന്യമായി'-മനു ഗാർഗ് പറയുന്നു.
ജയ്പൂരിലെ സെന്റ് സേവിയേഴ്സ് സ്കൂളിലായിരുന്നു മനുവിന്റെ സ്കൂൾ പഠനം. കംപ്യൂട്ടർ സയൻസായിരുന്നു മനുവിന്റെ ഇഷ്ടവിഷയം. 12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ആ വിഷയത്തിൽ മുഴുവൻ മാർക്കും നേടി. ഹിന്ദു കോളജിൽ നിന്ന് ബിരുദം നേടിയശേഷം ജെ.എൻ.യുവിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് മനുവിന് കൃത്യമായ ഉത്തരമുണ്ട്. യു.ജി.സി നെറ്റ് 99.1 ശതമാനം മാർക്ക് നേടി വിജയിച്ച വ്യക്തിയാണ്. അതിനാൽ യു.പി.എസ്.സി ഇല്ലായിരുന്നുവെങ്കിൽ അധ്യാപന ജോലി തെരഞ്ഞെടുക്കുമായിരുന്നുവെന്നും മനു ഉറപ്പിച്ചു പറയുന്നു. നിലവിൽ പിഎച്ച്.ഡിക്ക് എൻറോൾ ചെയ്തിരിക്കുകയാണ് ഈ മിടുക്കൻ.
ഡൽഹി, ജെ.എൻ.യു യൂനിവേഴ്സിറ്റികളിലെ പഠനാന്തരീക്ഷം തികച്ചും വ്യത്യസ്തമാണെന്നാണ് മനുവിന്റെ അഭിപ്രായം. എന്നാൽ മനുവിന് പിന്തുണ നൽകുന്ന കാര്യത്തിൽ രണ്ടു യൂനിവേഴ്സിറ്റികളും ഒരുപോലെ മാതൃക കാണിച്ചു. ഒരിടത്തും ഒരുതരത്തിലുള്ള വിവേചനവും മനു നേരിട്ടില്ല. എന്നാൽ രണ്ടിലും ചില അപര്യാപ്തതകളുണ്ട്. അതായത് രണ്ട് യൂനിവേഴ്സിറ്റികളിലും വികലാംഗകർക്ക് എളുപ്പം സഞ്ചരിക്കാനുള്ള വഴികളുടെ അപര്യാപ്തതയാണത്.
ജെ.എൻ.യുവിൽ പരിമിതികൾ നേരിടുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം നൽകുന്നുണ്ട്. അതുപോലെ സ്കോളർഷിപ്പുകളും ലൈബ്രറി സൗകര്യവും നൽകുന്നു.
പരീക്ഷ എഴുതാൻ സ്ക്രൈബിനെ കണ്ടെത്തുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒടുവിൽ ഭാഗ്യവശാൽ ചില സുഹൃത്തുക്കൾ തന്നെ മുന്നോട്ട് വന്നത് തുണയായി. മാത്തമാറ്റിക്സിൽ നിന്നുള്ള ചോദ്യങ്ങൾ പരീക്ഷക്ക് ഉണ്ടായിരുന്നു. അത് മനുവിന് കടുപ്പമായിരുന്നു. ചെറിയൊരു സംശയം പോലും നെഗറ്റീവ് മാർക്കിലേക്ക് നയിക്കും. കണക്കിലെ വഴികൾ എളുപ്പമാക്കാൻ അമ്മയുടെ അമ്മാവന്റെ സഹായവും മനു ഉപയോഗപ്പെടുത്തിയിരുന്നു.
കഠിനമായ ഒരു യാത്രയാണ് യു.പി.എസ്.സി പരീശീലന കാലം. പഠിച്ചു തളരുമ്പോൾ മനു കോമഡി ഷോകളും പോഡ്കാസ്റ്റുകളും കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.