ദീപ്നിയ അച്ഛൻ ദിനേശനും അമ്മ ബിജിക്കുമൊപ്പം
പേരാമ്പ്ര (കോഴിക്കോട്): അച്ഛന്റെ കൈപിടിച്ച് അവൾ പോയത് എൽ.കെ.ജിയിലേക്ക് ആയിരുന്നില്ല. വീടിന് സമീപത്തെ അംഗൻവാടിയിലേക്കായിരുന്നു. പ്രൈമറി സ്കൂൾ പ്രവേശനത്തിന് തെരഞ്ഞെടുത്തതും സമീപത്തെ സർക്കാർ വിദ്യാലയം തന്നെ. മീഡിയം മലയാളം മതിയെന്ന് തീരുമാനിക്കാനും മാതാപിതാക്കൾക്കും മകൾക്കും കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. ഇതിൽ പലരും നെറ്റി ചുളിച്ചിട്ടുണ്ട്.
അച്ഛനമ്മമാർ സർക്കാർ അധ്യാപകരായിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തെന്നായിരുന്നു ചിലരുടെ ചോദ്യം. ആ ചോദ്യങ്ങൾക്കെല്ലാം ഇപ്പോൾ കോഴിക്കോട് ആവള കുട്ടോത്ത് പള്ളിക്കൽ മീത്തൽ ദീപ്നിയ മറുപടി കൊടുത്തിരിക്കുകയാണ്. നീറ്റ് യു.ജി പരീക്ഷയിൽ ഈ നാട്ടിൻപുറത്തുകാരി കേരളത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ്. അഖിലേന്ത്യതലത്തിൽ 109ാം റാങ്കും പെൺകുട്ടികളുടെ വിഭാഗത്തിൽ 18ാം റാങ്കും ആണ് ഈ മിടുക്കിക്ക് ലഭിച്ചത്. 720ൽ 643 മാർക്ക് ലഭിച്ചു.
2023-24 അധ്യയനവർഷം പ്ലസ ടു കഴിഞ്ഞ ദീപ്നിയ ആ വർഷം തന്നെ നീറ്റ് എഴുതിയെങ്കിലും പ്രതീക്ഷിച്ച ഗ്രേഡ് ലഭിച്ചില്ല. തുടർന്ന് കോഴിക്കോട് പാല ബ്രില്യന്റ് അക്കാദമിയിൽ ഒരുവർഷത്തെ പരിശീലനം നേടുകയായിരുന്നു. ആവള ജി.എം.എൽ.പി, ആവള എ.യു.പി എന്നിവിടങ്ങളിൽ പ്രൈമറി വിദ്യാഭ്യാസവും ആവള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, പ്ലസ് ടു പഠനവും പൂർത്തിയാക്കി.
ആവള ഗവ. ഹയർ സെക്കൻഡറി പ്ലസ് ടു അധ്യാപകൻ പി.എം. ദിനേശന്റെയും ഇതേ സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അധ്യാപിക എം.പി. ബിജിയുടെയും മകളാണ് ഡി.ബി. ദീപ്നിയ. ഇരുവരും ഗണിതാധ്യാപകരാണ്. ദീപ്നിയക്കും കണക്ക് ഏറെ ഇഷ്ടമാണ്. മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള ഉപന്യാസ രചനയിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഗ്രന്ഥശാല സംഘത്തിന്റെയും പ്രവർത്തകനായ ദിനേശൻ മാഷ് ആവള ടി. ഗ്രന്ഥശാലയുടെ സെക്രട്ടറിയാണ്. ഈ ഗ്രന്ഥാലയത്തിൽനിന്നുള്ള പുസ്തക വായനയും ദീപ്നിയയുടെ കഴിവുകളെ പരിപോഷിപ്പിച്ചു. അഭിമാനാർഹമായ ഈ നേട്ടത്തിന് പിന്നിൽ അച്ഛനമ്മമാരുടെയും എട്ടാം തരത്തിൽ പഠിക്കുന്ന സഹോദരൻ ദീപ്ദേവിന്റെയും പിന്തുണ കൂടിയുണ്ടെന്ന് ദീപ്നിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.