കെ-ടെറ്റ് പരീക്ഷക്ക് ആഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലും സ്പെഷ്യല്‍ വിഭാഗങ്ങളിലുമുള്ള (ഭാഷാ/ സ്പെഷ്യല്‍ വിഷയങ്ങള്‍) അധ്യാപകര്‍ക്ക് വേണ്ടിയുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റി (കെ^ടെറ്റ്)ന്  ആഗസ്റ്റ് 26വരെ അപേക്ഷിക്കാം.  ഒന്ന്, രണ്ട് (എല്‍.പി, യു.പി)കാറ്റഗറികളിലെ പരീക്ഷകള്‍ ഒക്ടോബര്‍ മൂന്നിനും മൂന്ന്, നാല് (ഹൈസ്കൂള്‍, സ്പെഷ്യല്‍) കാറ്റഗറികളുടെ പരീക്ഷ ഒക്ടോബര്‍ 17നുമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

www.keralapareekshabhavan.in എന്ന വെബ്സൈറ്റിലൂടെ ആഗസ്റ്റ് 26നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിക്ക് 500 രൂപയാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് 250 രൂപയും സര്‍വീസ് ചാര്‍ജായി 20 രൂപയും അടക്കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതം അടക്കണം. കമ്പ്യൂട്ടറില്‍ നിന്ന് ജനറേറ്റ് ചെയ്ത് ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് ആഗസ്റ്റ് 26ന് മുമ്പായി അപേക്ഷകന്‍ തെരഞ്ഞെടുത്ത എസ്.ബി.ടിയുടെ ബ്രാഞ്ചില്‍ ഫീസടക്കണം.

സെപ്റ്റംബര്‍ 15 മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള പരീക്ഷയില്‍ നാല് കാറ്റഗറികളിലും 150 മാര്‍ക്കിന്‍െറ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ചൈല്‍ഡ് ഡെവലപ്മെന്‍റ് ആന്‍റ് പെഡഗോഗി, മാത്തമാറ്റിക്സ്, ഇ.വി.എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട) ലാംഗ്വജ് രണ്ട് (ഇംഗ്ളീഷ്, അറബിക്) എന്നിവയില്‍ നിന്നായിരിക്കും കാറ്റഗറി ഒന്നി (എല്‍.പി)ല്‍ ചോദ്യങ്ങളുണ്ടാവുക.

കാറ്റഗറി രണ്ടില്‍ (യു.പി) ഡെവലപ്മെന്‍റ് ആന്‍റ് പെഡഗോഗി, മാത്തമാറ്റിക്സ്, സയന്‍സ് അല്ളെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വജ് ഒന്ന്, രണ്ട് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. കാറ്റഗറി മൂന്നില്‍ (ഹൈസ്കൂള്‍) അഡോളസെന്‍സ് സൈക്കോളജി, ലാംഗ്വജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് ആന്‍റ് പെഡഗോഗി ലാംഗ്വജ്, സബ്ജക്ട് സ്പെസിഫിക് പേപ്പര്‍ എന്നിവയുടെ ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക.

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമാണ് കെ -ടെറ്റ്.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.