ഓഹരി വിപണിയില്‍ കുതിപ്പ്: സെന്‍സെക്സ് 400 പോയന്‍റില്‍

മുംബൈ: യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തത് ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായി. മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 400 പോയന്‍റ് കുതിക്കുകയും ദേശീയ സൂചിക നിഫ്റ്റി 8,000 പോയന്‍റ് മറികടക്കുകയും ചെയ്തു. ആഗസ്റ്റ് 31ന് ശേഷം നിഫ്റ്റി ആദ്യമായാണ് 8,000 പോയന്‍റ് മറികടക്കുന്നത്.

സെന്‍സെക്സ് 433.31 പോയന്‍റ് ഉയര്‍ന്ന് 26,397.28ലും നിഫ്റ്റി 131.75 പോയന്‍റ് ഉയര്‍ന്ന് 8,030.90ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എം ആന്‍ഡ് എം എന്നീ പ്രധാന കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍.

ആഗോള സാമ്പത്തിക രംഗം ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ യു.എസിലെ പലിശ നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. യു.എസ് തീരുമാനം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്കാണ് ഗുണം ചെയ്തത്.

ആഗോള സ്ഥിതി മെച്ചപ്പെട്ടാല്‍ ഈ വര്‍ഷം തന്നെ പലിശ നിരക്കുകള്‍ ഉയര്‍ത്താനാണ് ഫെഡറല്‍ റിസര്‍വിന്‍െറ തീരുമാനം. സമ്പദ്ഘടന 2.1 ശതമാനം വളര്‍ച്ച ഈ വര്‍ഷം നേടുമെന്നാണ് വിലയിരുത്തല്‍. ഇനി ഒക്ടോബറിലും ഡിസംബറിലുമാണ് കേന്ദ്ര ബാങ്കിന്‍െറ നയ രൂപവത്കരണ യോഗമുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT