മൂന്നാഴ്ച; സെന്‍സെക്സിന് നഷ്ടം 2900 പോയന്‍റ്

മുംബൈ: രണ്ട് വര്‍ഷമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടരുന്ന റാലിക്ക് തിരിച്ചടി. ഒരു മാസം കൊണ്ട് ബി.എസ്.ഇ സെന്‍സെക്സ് 10 ശതമാനത്തോളമാണ് ഇടിഞ്ഞത്. ചൈന യുവാന്‍െറ മൂല്യം കുറച്ചശേഷം ആഗസ്റ്റ് 11 മുതലുള്ള മൂന്നാഴ്ചകൊണ്ട് സെന്‍സെക്സിന് നഷ്ടം 2900 പോയന്‍റാണ്. മാര്‍ച്ചില്‍ റെക്കോര്‍ഡിലത്തെിയ എന്‍.എസ്.ഇ നിഫ്റ്റി 16 ശതമാനമാണ് ഇടിഞ്ഞത്. ചൈനയില്‍ സാമ്പത്തിക മാന്ദ്യം ശക്തമാണെന്നും യു.എസ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നുമുള്ള ഭീതിക്കിടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവ്. ഇതിനു പുറമേ ഡോളറിനെതിരെ രൂപ ഏതാണ്ട് നാല് ശതമാനത്തോളം മുല്യത്തകര്‍ച്ചകൂടി നേരിട്ടതോടെ ആഭ്യന്തര വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ കഴിഞ്ഞ നാലുമാസത്തിനിടെ പിന്‍വലിച്ച അറ്റ നിക്ഷേപം 30000 കോടി രൂപയിലത്തെിയിട്ടുണ്ട്. ഇതില്‍ 16,877 കോടിയുടെ ഓഹരി വില്‍പ്പനയും ആഗസ്റ്റിലായിരുന്നു. ഇതേതുടര്‍ന്ന് ആഗസ്റ്റില്‍ മാത്രം നിഫ്റ്റി 6.6 ശതമാനമാണ് ഇടിഞ്ഞത്. 
2011 മാര്‍ച്ചിനുശേഷമുള്ള നിഫ്റ്റിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ആഗസ്റ്റിലേത്. ഇന്ത്യന്‍ സമ്പദ്ഘടന മൊത്തത്തില്‍ ആഗോള സമ്പദ്വ്യവസ്ഥയുമായി  ബന്ധപ്പെട്ടതല്ളെങ്കിലും ഓഹരി വിപണികള്‍ ബന്ധപ്പെട്ടാണിരിക്കുന്നതെന്നും നിഫ്റ്റിയുടെ വരുമാനത്തില്‍ പകുതിയും രൂപയിലല്ളെന്നും കെഡിറ്റ് സൂയിസ്സിന്‍െറ നീല്‍കാന്ത് മിശ്ര ചൂണ്ടിക്കാട്ടുന്നു. ഘടനാപരമായ പരിഷ്കാരങ്ങള്‍, കോര്‍പറേറ്റ് വരുമാനത്തില്‍ വന്‍ കുതിപ്പ്, തുടങ്ങിയവയൊന്നും പ്രകടമല്ലാത്തതും വിദേശ നിക്ഷേപകരുടെ വില്‍പ്പനയെ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള 15 മാസത്തിനിടെ ഭൂമി, തൊഴില്‍, നികുതി തുടങ്ങിയ മേഖലകളിലൊന്നും പ്രഖ്യാപനങ്ങളല്ലാതെ വലിയ പരിഷ്കാരങ്ങളൊന്നും നടപ്പായിട്ടില്ല. രാജ്യത്തെ എല്ലാ നിക്ഷേപങ്ങളും വിറ്റൊഴിഞ്ഞതായി വ്യക്തമാക്കിയ പ്രമുഖ ഓഹരി നിക്ഷേപകന്‍ ജിം റോജേഴ്സും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മൊത്ത ആഭ്യന്തര വളര്‍ച്ചാ നിരക്ക് മാര്‍ച്ച് പാദത്തിലെ 7.5 ശതമാനത്തില്‍നിന്ന് ജൂണ്‍ പാദത്തില്‍ ഏഴ് ശതമാനമായി കുറഞ്ഞതും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വരുമാനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദവും ആഭ്യന്തര നിക്ഷേപകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയാണ് വിപണിയെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുന്നത്. 
വില്‍പ്പന സമ്മര്‍ദ്ദം എത്രകാലം തുടരുമെന്നതും സൂചികകള്‍ എത്രവരെ താഴാം എന്നതുമാണ് നിലവില്‍ ഉയരുന്ന ചോദ്യങ്ങള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഓഹരി വിപണി വിദഗ്ധര്‍ക്കിടയില്‍ ഇപ്പോഴും സമവായമില്ല. നിഫ്റ്റി 7150-7200 നിലവാരത്തിലേക്കും സെന്‍സെക്സ് 22000 നിലവാരത്തിലേക്കും എത്തിയേക്കാമെന്ന് ഒരു വിഭാഗം സൂചിപ്പിക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ നിഫ്റ്റി 7400-7600 നിലവാരത്തില്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ചാഞ്ചാട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഹ്രസ്വകാല നിക്ഷേപകര്‍ മാറിനില്‍ക്കുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍െറ നിരക്കു വര്‍ധന സംബന്ധിച്ച ഈ മാസമമുണ്ടാകാവുന്ന തീരുമാനം, സാമ്പത്തിക പരിഷ്കരണ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കാനെടുക്കുന്ന സമയം തുടങ്ങിയവയായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT