സഹാറ മ്യൂച്വല്‍ ഫണ്ട് പ്രതിസന്ധിയില്‍; ആസ്തികള്‍ ഏറ്റെടുക്കാന്‍ ആളില്ല

മുംബൈ: സഹാറ ഗ്രൂപ്പിന്‍െറ മ്യൂച്വല്‍ ഫണ്ട് സ്ഥാപനമായ സഹാറ അസറ്റ് മാനേജ്മെന്‍റ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി ആസ്തികള്‍ മറ്റ് ഫണ്ടു ഹൗസുകളിലേക്കോ പുതിയ മാനേജ്മെന്‍റിന് കീഴിലേക്കോ മാറ്റണമെന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്‍െറ ഉത്തരവ് സഹാറയെ പ്രതിസന്ധിയിലാക്കുന്നു. സുബ്രത റോയി അടക്കം മാനേജ്മെന്‍റ് ഫണ്ട് ഹൗസ് നടത്താന്‍ യോഗ്യരല്ളെന്നാണ് സെബിയുടെ വിലയിരുത്തല്‍. പൊതുജനങ്ങളില്‍നിന്ന് പണം സ്വീകരിക്കുന്ന കമ്പനികളില്‍നിന്ന് സുബ്രതോ റോയിയെ നേരത്തെ സെബി തടഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇറങ്ങിയ ഉത്തരവനുസരിച്ച് സെബിയുടെ അംഗീകാരമുള്ള ഏതെങ്കിലും അസറ്റ് മാനേജ്മെന്‍റ് കമ്പനിയിലേക്ക് ആറു മാസത്തിനകമാണ് ആസ്തികള്‍ മാറ്റേണ്ടത്. എന്നാല്‍ ഇതുവരെ മറ്റുകമ്പനികളൊന്നും സഹാറയുടെ ആസ്തി ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. 26000 നിക്ഷേപകരുടേതായി 130 കോടി രൂപയാണ് സഹാറ മ്യുച്വല്‍ ഫണ്ടിലുള്ളത്. ഇതില്‍ 80 കോടിയും ഓഹരികളിലാണ്. കേസും പൊല്ലാപ്പുകളുമുള്ളതിനാല്‍ ഇത് ഏറ്റെടുത്ത് പ്രതിസന്ധിയുണ്ടാക്കേണ്ടെന്നാണ് മിക്ക വലിയ കമ്പനികളുടെയും നിലപാട്. ഈ സാഹചര്യത്തില്‍ സെബി നിര്‍ദ്ദേശമനുസരിച്ച് പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ കമ്പനി നിര്‍ബന്ധിതമാകും. അങ്ങനെ വന്നാല്‍ ഈ നിക്ഷേപകരെ നേരിട്ട് തങ്ങളുടെ സ്കീമുകളിലേക്ക് ആകര്‍ഷിക്കാം എന്നാണ് മറ്റ് കമ്പനികളുടെ കണക്കുകൂട്ടല്‍. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT