മുംബൈ: ലോകത്തെ മുൾമുനയിൽ നിർത്തിയ പശ്ചിമേഷ്യൻ സംഘർഷത്തിൽ യു.എസ്- ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുകയറി ഓഹരിവിപണി. വ്യാപാരം ആരംഭിച്ച് രാവിലെ 9.21ന് ബി.എസ്.ഇ സെൻസെക്സ് 2729.07 പോയൻറ് (3.66 ശതമാനം) ഉയർന്ന് 77,345.65ലെത്തി. നിഫ്റ്റി 795.30പോയന്റ് (3.44 ശതമാനം) ഉയർന്ന് 23,918.95ലുമെത്തി. നിക്ഷേപകരുടെ ആസ്തിയിൽ 14ലക്ഷം കോടിയിലധികം രൂപയുടെ വർധനയുണ്ടായി. ബാങ്കിങ്, ധനകാര്യ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.
ആഗോള പ്രതിസന്ധികൾ ഒഴിയുന്നുവെന്ന ആശ്വാസവും ക്രൂഡ് ഓയിൽ വിലയുടെ ഇടിവുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് കാരണം. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനവും വിപണിയിൽ പോസിറ്റീവായി പ്രതിഫലിച്ചു. ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യക്ക് ഈ തീരുമാനം ആശ്വാസമാകും. എണ്ണ, പണപ്പെരുപ്പ സമ്മർദ്ദം കുറയുകയും വിപണിയിൽ സ്ഥിരത കൈവരിക്കാനും കഴിയും. ഇത് വിപണിക്ക് ഊർജമേകുകയും ചെയ്യും.
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് താൽക്കാലിക അയവ് വന്നത് എല്ലാ വിപണികളിലും അനുകൂലമായി പ്രതിഫലിച്ചു. ഇത് അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുള്ള ഇടിവിനും കാരണമായി. വെടിനിർത്തൽ പ്രഖ്യാപനവും ആഗോള എണ്ണവിലയിലെ കുറവും യു.എസ് വിപണിയിലും പ്രതിഫലിച്ചിരുന്നു. ഇത് ഏഷ്യൻ വിപണികളിലേക്കും നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.