റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും; വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ആഗോള അനിശ്ചിതത്വത്തിനിടയിൽ 2026-27 സാമ്പത്തിക വർഷത്തെ ആദ്യ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽതന്നെ നിലനിർത്താൻ തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. സാമ്പത്തിക സംഭവവികാസങ്ങളുടെ വിശദമായ വിലയിരുത്തലിനുശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ ​പണനയ സമിതി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 2025 ഡിസംബർ മുതൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

സംഘർഷം മൂലം ആഗോളതലത്തിൽ അനിശ്ചിതത്വം വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗവർണർ പറഞ്ഞു. കഴിഞ്ഞ നയരൂപീകരണ യോഗത്തിനുശേഷം ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഗണ്യമായി വർധിച്ചതായി സമിതി വിലയിരുത്തി. പണപ്പെരുപ്പം നിലവിൽ നിയന്ത്രണത്തിലാണെങ്കിലും ഉയരുന്ന ഊർജവിലയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭക്ഷ്യവസ്തുക്കളുടെ വില വർധനയും അപകടസാധ്യതകൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിസർവ് ബാങ്ക് പറഞ്ഞു.

ആഗോള പ്രതിസന്ധിയെ തുടർന്നുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങളെക്കുറിച്ച് ആർ.ബി.ഐ ആശങ്ക രേഖപ്പെടുത്തി. ഊർജ്ജ, ചരക്ക് വിപണികളിലെ തടസങ്ങൾ വ്യവസായങ്ങളെയും കൃഷിയെയും ബാധിച്ചേക്കാം. എന്നാൽ, ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും പിന്തുണയോടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും ആർ.‌ബി.‌ഐ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷ​ത്തെ തുടർന്ന് വർധിച്ച ചെലവുകളും വിതരണ തടസ്സങ്ങളും വളർച്ചയെ ബാധിച്ചേക്കാമെന്നും ആർ.ബി.ഐ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - RBI keeps key lending rates unchanged at 5.25 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.