റാസല്‍ഖൈമ: ഈവര്‍ഷം മൂന്നാം പാദത്തിലും റാസല്‍ഖൈമയുടെ വാണിജ്യ-വ്യാപാര മേഖല വളര്‍ച്ച നേടിയതായി അധികൃതര്‍. സജീവ ബിസിനസ് ലൈസൻസുകള്‍ക്കായുള്ള മൊത്തം രജിസ്റ്റര്‍ ചെയ്ത മൂലധനം 1068 കോടി ദിര്ഹമിലെത്തിയത് നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.
മൊത്ത-ചില്ലറ വ്യാപാരം, വാഹന അറ്റകുറ്റപ്പണി മേഖലയില്‍ 303 കോടി ദിര്‍ഹമിന്റെ ബിസിനസാണ് കാണിച്ചത്. ഇത് രജിസ്റ്റര്‍ ചെയ്ത മൂലധനത്തിന്റെ 28.3 ശതമാനം വരും. സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലയില്‍ 22.6 ശതമാനമാണ് രജിസ്റ്റര്‍ ചെയ്തത്. ബിസിനസ് രംഗത്ത് വാണിജ്യ മേഖലയില്‍ 9,438 സജീവ ലൈസന്‍സും നിര്‍മാണ രംഗത്ത് 3,766 ലൈസന്‍സുമുണ്ട്. വിവര ആശയ വിനിമയം 28 ശതമാനം, ആരോഗ്യം-സാമൂഹിക പ്രവര്‍ത്തനം 15 ശതമാനം, പ്രഫഷനല്‍ സാങ്കേതിക പ്രവര്‍ത്തനം 14 ശതമാനം എന്നിങ്ങനെയാണ് മൂലധനം.
ബിസിനസ് ലൈസന്‍സുകളില്‍ അല്‍ നഖീലാണ് മുന്നില്‍- 2,294, റാസല്‍ഖൈമ നഗരം- 1,979, അല്‍ ഖുസൈദാത്ത്- 1,504 എന്നിവയാണ് പിന്നാലെയുള്ളത്. 252 കോടി ദിര്‍ഹമുമായി അല്‍ നഖീലും 190 കോടി ദിര്‍ഹവുമായി അല്‍ ജസീറ അല്‍ ഹംറയും 73.7 കോടി ദിര്‍ഹവുമായി അല്‍ ഖുസൈദാത്തുമാണ് തൊട്ടുപിന്നില്‍. വളര്‍ന്നു വരുന്ന മേഖലകളില്‍ അല്‍ ദൈത്തും അല്ശമലും ലൈസന്‍സുകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി.
അല്‍ മ്യാരീദും അല്‍ മാമൂറയും രജിസ്റ്റര്‍ ചെയ്ത മൂലധനത്തില്‍ വലിയ വര്‍ധന കാണിച്ചു. 36.7ഉം 34.9 ശതമാനവുമാണ് വര്‍ധന. പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് അധികൃതര്‍ പറയുന്നു. റാസല്‍ഖൈമയുടെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച പ്രതിഫലിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് റാക് സാമ്പത്തിക വികസന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.