ഒരാളുടെ മരണത്തിന് ശേഷം ഇ.പി.എഫ് അക്കൗണ്ടിൽ നിന്നുള്ള പെൻഷൻ കുടുംബത്തിന് തുടർന്നും ലഭിക്കുമോ?
ഭൂരിഭാഗം പേരും ജോലി ചെയ്ത് ജീവിക്കുന്ന തിരക്കുകൾക്കിടയിൽ ചിന്തിക്കാത്ത ഒരു കാര്യമാണിത്. എങ്കിലും, നിങ്ങളുടെ മരണ ശേഷം ഇ.പി.എഫ് പെൻഷന് എന്ത് സംഭവിക്കുമെന്ന് മനസിലാക്കുന്നത്, നിങ്ങൾ വിട്ടുപോകുന്ന പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കും. എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധിപ്പിച്ചിട്ടുള്ള എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇതിനാണ്.
ശമ്പളക്കാരായ പല ജീവനക്കാരും വിശ്വസിക്കുന്നത് തങ്ങളുടെ മരണത്തോടെ ഇ.പി.എഫ് ആനുകൂല്യങ്ങളും അവസാനിക്കുമെന്നാണ്. എന്നാൽ അത് പൂർണമായും ശരിയല്ല. പ്രൊവൈഡന്റ് ഫണ്ട് ബാലൻസ് തുക പ്രത്യേകം സെറ്റിൽ ചെയ്യപ്പെടുമ്പോൾ തന്നെ, ഇ.പി.എസ് പ്രകാരമുള്ള പെൻഷൻ ഘടകം അർഹരായ കുടുംബാംഗങ്ങൾക്ക് പ്രതിമാസ വരുമാനമായി ലഭിക്കുന്നത് തുടരും.
.ഒരു ഇ.പി.എഫ് അംഗം മരണപ്പെടുമ്പോൾ, അവർ കുറഞ്ഞത് ഒരു മാസമെങ്കിലും വിഹിതം അടച്ചിട്ടുണ്ടെങ്കിൽ, അവരുടെ കുടുംബത്തിന് പ്രതിമാസ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.
പെൻഷൻ ലഭിക്കാൻ ആദ്യം അർഹതയുള്ളത് ജീവിച്ചിരിക്കുന്ന പങ്കാളിക്കാണ് (ഭാര്യ അല്ലെങ്കിൽ ഭർത്താവ്).
വിധവക്കോ വിധുരനോ ആജീവനാന്തം അല്ലെങ്കിൽ പുനർവിവാഹം ചെയ്യുന്നത് വരെ പ്രതിമാസ പെൻഷൻ ലഭിക്കും. ഈ തുക സാധാരണയായി അംഗത്തിന് ലഭിക്കേണ്ട കണക്കാക്കിയ പെൻഷന്റെ 50 ശതമാനമായിരിക്കും. ഇത് കുറഞ്ഞത് പ്രതിമാസം 450 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും ഈ പദ്ധതി പ്രകാരം പരിരക്ഷയുണ്ട്. ഇതിനുപുറമേ, രണ്ട് കുട്ടികൾക്ക് വരെ 25 വയസ്സ് തികയുന്നത് വരെ പങ്കാളിയുടെ പെൻഷൻ തുകയുടെ 25% വീതം പ്രതിമാസ സഹായ പെൻഷനായി ലഭിക്കും, ഷെട്ടി പറയുന്നു. മാതാപിതാക്കൾ രണ്ടുപേരും ജീവിച്ചിരിപ്പില്ലെങ്കിൽ, ഈ പദ്ധതി കൂടുതൽ ശക്തമായ പിന്തുണ നൽകുന്നു.
"മാതാപിതാക്കൾ രണ്ടുപേരും മരണപ്പെട്ടാൽ, കുട്ടികൾക്ക് ഓർഫൻ പെൻഷൻ (അനാഥ പെൻഷൻ) ലഭിക്കും. ഇത് പങ്കാളിയുടെ പെൻഷൻ തുകയുടെ 75% ആയിരിക്കും. കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളിൽ അവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
ഓരോ കുടുംബവും വ്യത്യസ്തമാണ്, പെൻഷൻ പദ്ധതി അത് കണക്കിലെടുക്കുന്നുമുണ്ട്. അംഗത്തിന് ജീവിച്ചിരിക്കുന്ന പങ്കാളിയോ അർഹരായ കുട്ടികളോ ഇല്ലെങ്കിൽ പോലും, അവരെ സാമ്പത്തികമായി ആശ്രയിച്ചിരുന്ന ആളുകളിലേക്ക് പെൻഷൻ എത്തും. പങ്കാളിയോ കുട്ടികളോ ഇല്ലാത്ത സാഹചര്യത്തിൽ, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനായി, പെൻഷൻ ആശ്രിതരായ മാതാപിതാക്കൾക്കോ അല്ലെങ്കിൽ അംഗം നാമനിർദ്ദേശം ചെയ്ത നോമിനിക്കോ നൽകും.
വിവാഹം അല്ലെങ്കിൽ ഒരു കുട്ടിയുടെ ജനനം പോലുള്ള പ്രധാന ജീവിത സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം നിങ്ങളുടെ ഇ.പി.എഫ് നോമിനേഷൻ വിവരങ്ങൾ പുതുക്കാൻ സാമ്പത്തിക വിദഗ്ദർ നിർദേശിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്.
ഇ.പി.എസ് വിരമിക്കൽ ആനുകൂല്യങ്ങൾക്കോ മരണാനന്തര ആനുകൂല്യങ്ങൾക്കോ വേണ്ടി മാത്രമല്ല. ഒരു അംഗത്തിന് ജോലിയിലായിരിക്കുമ്പോൾ സ്ഥിരവും പൂർണവുമായ വൈകല്യം സംഭവിച്ചാലും ഇത് പിന്തുണ നൽകുന്നു. ഒരു ഇ.പി.എഫ് അംഗത്തിന് സർവീസിലിരിക്കെ സ്ഥിരവും പൂർണവുമായ വൈകല്യം സംഭവിച്ചാൽ, അവർക്ക് ആജീവനാന്ത പ്രതിമാസ വൈകല്യ പെൻഷന് (disablement pension) അർഹതയുണ്ട്. ഇതിന്റെ ഏറ്റവും വലിയ നേട്ടം, സാധാരണയായി ആവശ്യമുള്ള സർവീസ് കാലാവധി ഇതിന് ബാധകമല്ല എന്നതാണ്. സാധാരണയായുള്ള 10 വർഷത്തെ സർവീസ് നിബന്ധന ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. ഒരു മാസത്തെ വിഹിതം മാത്രം അടച്ച അംഗത്തിനും ഇതിന് അർഹതയുണ്ട്.
വൈകല്യം സംഭവിച്ച തീയതി മുതൽ പെൻഷൻ ആരംഭിക്കും. അവർ അന്നേ ദിവസം വിരമിച്ചതായി കണക്കാക്കി, അവരുടെ ശമ്പളവും സർവീസ് റെക്കോർഡുകളും അടിസ്ഥാനമാക്കിയാണ് ഈ പെൻഷൻ നിശ്ചയിക്കുന്നത്. ഇതിൽ കുറഞ്ഞ സുരക്ഷാ തുക പ്രതിമാസം 1,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ ജീവിത പ്രതിസന്ധികൾ നേരിടുന്ന ജീവനക്കാർക്ക് സ്ഥിരമായ ഒരു വരുമാന മാർഗം ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
ഭൂരിഭാഗവും ഇ.പി.എഫിനെ വിരമിക്കലിന് ശേഷം ഉപയോഗിക്കാനുള്ള പണമായാണ് കരുതുന്നത്. എന്നാൽ യഥാർഥത്തിൽ, ഈ പെൻഷൻ പദ്ധതി ഇന്ന് നമ്മളെ ആശ്രയിച്ചു കഴിയുന്ന മനുഷ്യരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് കൂടിയുള്ളതാണ്. പ്രതിമാസ പെൻഷൻ ഒരു വ്യക്തിയുടെ വരുമാനത്തിന് പൂർണമായി പകരമാകില്ലായിരിക്കാം, എന്നാൽ ഒരു വിയോഗത്തിന് ശേഷം കുടുംബം ജീവിതം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ സ്കൂൾ ഫീസ് അടക്കാനോ, പലചരക്ക് സാധനങ്ങൾ വാങ്ങാനോ അല്ലെങ്കിൽ വീട്ടുചെലവുകൾ നടത്താനോ ഇത് സഹായിക്കും. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും നമ്മളാരും ഇഷ്ടപ്പെടുന്നില്ല. എങ്കിലും, നിങ്ങളുടെ ഇ.പി.എഫ് പെൻഷനെക്കുറിച്ച് മനസിലാക്കാൻ കുറച്ചു സമയം മാറ്റിവെക്കുന്നതും, നിങ്ങളുടെ നോമിനേഷൻ വിവരങ്ങൾ കൃത്യമായി പുതുക്കുന്നതും, ഈ ആനുകൂല്യങ്ങളെക്കുറിച്ച് നിങ്ങളുടെ കുടുംബത്തിന് അറിവുണ്ടെന്ന് ഉറപ്പാക്കുന്നതും ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിൽ അനാവശ്യമായ മാനസിക സമ്മർദങ്ങളിൽ നിന്ന് അവരെ രക്ഷിക്കും. സാമ്പത്തിക സമ്മാനം വെറും സമ്പാദ്യം മാത്രമല്ല നാളെ അവർ പൂർണമായും ഒറ്റക്കായി പോകില്ല എന്ന ഉറപ്പ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.