ചെലവുകഴിഞ്ഞാല്‍ ശമ്പളത്തില്‍ മിച്ചമെന്തുണ്ട്

ശമ്പളം അത്ര മോശമല്ളെങ്കിലും ചെലവുകഴിഞ്ഞാല്‍ സമ്പാദ്യമായി മിച്ചമൊന്നുമില്ല എന്നതാണ് പല ചെറുപ്പക്കാരുടെയും വിലാപം. മതിയായ ശമ്പള വര്‍ധവുണ്ടാകാത്തതുമുതല്‍ ജീവിത ശൈലിയിലെ പ്രശ്നങ്ങള്‍ വരെ നിരവധി കാരണങ്ങള്‍ ഇതിനു പലര്‍ക്കുമുണ്ടാകും. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ആരോഗ്യപരമായ സമ്പാദ്യശീലം തുടരുകയാണ് ഭാവി സുരക്ഷിതമാക്കാന്‍ അത്യാവശ്യം വേണ്ടത്. സമ്പാദ്യശീലം വളര്‍ത്താന്‍ അത്യാവശ്യംവേണ്ട അഞ്ചു കാര്യങ്ങള്‍ നോക്കാം. 
1. വരവും ചെലവും അറിഞ്ഞിരിക്കാം
എന്താണ് തന്‍െറ വരുമാനം എന്ന് കൃത്യമായി അറിഞ്ഞിരിക്കുക തന്നെയാണ് സമ്പാദ്യശീലത്തിന്‍െറ തുടക്കം. മാസ ശമ്പളക്കാര്‍ക്ക് മാത്രമല്ല ബിസിനസായാലും ദിവസ വേതനക്കാരായാലും പ്രതിമാസം എത്ര രൂപ കൈയിലത്തെുന്നുവെന്ന് കൃത്യമായ ധാരണയുണ്ടാവണം. ശമ്പളക്കാരുടെ കാര്യത്തില്‍ ഇ.പി.എഫ്, നികുതി തുടങ്ങി വിവിധ പിടിക്കലുകള്‍ക്കുശേഷം കൈയിലത്തെുന്ന പണമാണ് പരിഗണിക്കേണ്ടത്. വരുമാനം എത്രയാണെന്ന് കൃത്യമായ ബോധമുണ്ടായാല്‍ അടുത്ത പടി പ്രതിമാസം എത്ര രൂപയോളമാണ് ചെലവഴിക്കുന്നതെന്ന തിരിച്ചറിവാണ്. ഓരോ സാധനങ്ങള്‍ വാങ്ങുമ്പോഴുമുള്ള ബില്ലുകളും കണക്കുകളും എഴുതിയും സൂക്ഷിച്ചു വെച്ചും ഇത് കണ്ടു പിടിക്കണം. ഇത്രയുമായാല്‍ വരുമാനത്തിനുള്ളില്‍ നില്‍ക്കുന്നതാണോ ചെലവെന്ന് തിരിച്ചറിയാം. ചെലവു വരുമാനത്തെ മറികടക്കുന്നതാണെങ്കില്‍ അടിയന്തര പുനപരിശോധന ആവശ്യമാണ്. ഇല്ളെങ്കില്‍ കടക്കെണിയിലേക്കാവും നീങ്ങുക. ചെവഴിക്കല്‍ ശൈലി ഒന്നുകൂടി വിലയിരുത്തിയാല്‍ അനാവശ്യവും ഒഴിവാക്കാമായിരുന്നവയുമായ പല ചെലവുകളും കണ്ടത്തൊം. ഇവയെ കര്‍ശനമായി ഒഴിവാക്കുകയാണ് അടിയന്തരമായി വേണ്ടത്. കടം തിരിച്ചടവിനാണ് വരുമാനത്തിലെ പ്രധാന പങ്ക് പോകുന്നതെങ്കില്‍ പലിശ ഭാരം കുറക്കാന്‍ മറ്റു വായ്പകള്‍ ഉള്‍പ്പെടെ പുതിയ വഴികള്‍ തേടണം. 

2. ബജറ്റില്‍ ഉറച്ചുനില്‍ക്കാം
സര്‍ക്കാറുകള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും അനിവാര്യമായ ഒന്നാണ് ബജറ്റ്്. എഴുതി തയാറാക്കല്‍ മാത്രമല്ല ബജറ്റ്. വരവറിഞ്ഞ് ചെലവഴിക്കല്‍ കൂടിയാണത്. ഇങ്ങനെ ചെയ്താല്‍ മാത്രമാണ് വരുമാനത്തില്‍ മിച്ചമുണ്ടാവുക. ആദ്യം വിരസമായി തോന്നാമെങ്കിലും മിച്ചം വര്‍ധിപ്പിക്കാനായാല്‍ താല്‍പര്യവും ഏറും. ഒരു മാസത്തേക്കുള്ള ചെലവുകള്‍ മുമ്പ് കണ്ടത്തെിയ ചെലവഴിക്കലിന്‍െറ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയത് അനാവശ്യമായത് ഒഴിവാക്കി മിച്ചം കണ്ടത്തെുക മാത്രമാണ് ഇതിനുവേണ്ടത്. പരസ്യങ്ങളുടെ പ്രലോഭനവും ഡിസ്കൗണ്ട് വാഗ്ദാനവും പലരെയും അനാവശ്യ വാങ്ങലുകളിലേക്ക് നയിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞ് ആസൂത്രണം ചെയ്യുന്ന ബജറ്റില്‍ ഉറച്ചു നില്‍ക്കാനാവണം. 

3. മിച്ചം പണത്തിനായി മാത്രം അക്കൗണ്ട്
വരുമാനത്തില്‍ മിച്ചം വരുന്ന പണം കൈയില്‍ തന്നെ സൂക്ഷിക്കുന്നതും ശമ്പള അക്കൗണ്ടില്‍ സൂക്ഷിക്കുന്നതും പണം ചെലവായി പോകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പുതുതായി ഒരു സേവിങ് ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലേക്ക് മാറ്റുകയാണ് ഉത്തമം. എ.ടി.എമ്മുകള്‍ ഏറ്റവും കുറവുള്ള സഹകരണ ബാങ്കുകളിലും മറ്റും തുടങ്ങിയാല്‍ പിന്‍വലിക്കാനുള്ള അസൗകര്യം പണം അക്കൗണ്ടില്‍ തുടരാന്‍ സഹായിക്കും. സമ്പാദ്യം വളരുന്നത് കൃത്യമായി മനസിലാക്കാന്‍ ഇത്തരം അക്കൗണ്ട് സഹായിക്കും. 

4. വരുമാനം ഉയര്‍ത്താന്‍ വഴി തേടാം
ജീവിതച്ചെലവിനനുസരിച്ച് വരുമാനം വര്‍ധിക്കുന്നില്ല എന്നതാണ് പ്രധാന തടസ്സമെങ്കില്‍ അതിനും വഴി കാണേണ്ടതുണ്ട്. കൂടുതല്‍ ശമ്പളമുള്ള പുതിയ ജോലി കണ്ടത്തെി മാറുക എന്നത് പലപ്പോഴും പ്രായോഗികമാവില്ല. അതിന് പകരം കൂടുതല്‍ വരുമാനത്തിനുള്ള വഴികള്‍ തേടുകയാണ് ഉത്തമം. നിലവിലുള്ള ജോലിക്കൊപ്പം അധികസമയം വിനിയോഗിച്ച് വരുമാനം നേടാവുന്ന മാര്‍ഗങ്ങള്‍ കണ്ടത്തെണം. അധ്യാപനം, കണ്‍സള്‍ട്ടന്‍സി, ചെറുകിട ബിസിനസ്, മാര്‍ക്കറ്റിങ് തുടങ്ങിയവയൊക്കെ പരീക്ഷിക്കാം.

5. അനാവശ്യ വായ്പകള്‍ ഒഴിവാക്കാം
സര്‍ക്കാറുകള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും വേണം സാമ്പത്തിക അച്ചടക്കം. വായ്പകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമാവുന്നതാണ് സാമ്പത്തിക സുരക്ഷിതത്വത്തിന് നല്ലത്. ആര്‍ഭാടങ്ങള്‍ക്കും വീട്ടുചെലവുകള്‍ക്കും കഴിവതും വായ്പ ഒഴിവാക്കാം. അല്ളെങ്കില്‍ പലിശ ഇനത്തില്‍തന്നെ വരുമാനത്തിന്‍െറ വലിയൊരു ഭാഗം നഷ്ടപ്പെടാന്‍ വഴിയൊരുക്കും. ആത്യന്തികമായി കടക്കെണി മാത്രമാകും മിച്ചം. ഉദാഹരണത്തിന് അവധിക്കാല വിനോദയാത്രയും മറ്റും വായ്പയെടുത്ത് നടത്തുന്നത് ഒഴിവാക്കി സമ്പാദ്യത്തില്‍നിന്ന് എടുത്തുനടത്താം. ബജറ്റിനനുസരിച്ച് യാത്ര ചുരുക്കേണ്ടി വരുമെന്നു മാത്രം. പൂജ്യം ശതമാനം പലിശയോടെ പ്രതിമാസ തവണ എന്ന പരസ്യവുമായി വരുന്ന വിപണനങ്ങളില്‍ പോലും യഥാര്‍ഥത്തില്‍ ഉല്‍പന്ന വിലയേക്കാള്‍ ഏറെ തുക മുടക്കേണ്ടതുണ്ടെന്നതും ശ്രദ്ധിക്കാം. 

സമ്പാദ്യം ഉണ്ടായാല്‍ അടുത്ത പടി നിക്ഷേപമായിരിക്കണം. മിച്ചം വെക്കുന്ന പണം മികച്ചതും സുരക്ഷിതവുമായ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുക കൂടി ചെയ്യുമ്പോഴേ ഭാവിയിലേക്കുള്ള വരുമാന വളര്‍ച്ച ഉറപ്പാകുന്നുള്ളൂ എന്നതുകൂടി ഓര്‍ക്കാം. അടിയന്തര സാഹചര്യങ്ങളെ നേരിടത്തക്ക വിധം മൂന്നു മുതല്‍ ആറു മാസം വരെ ചെലവിനുള്ള പണം മാത്രം സേവിങ് അക്കൗണ്ടുകളില്‍ സൂക്ഷിച്ച് ബാക്കി നിക്ഷേപ പദ്ധതികളിലേക്ക് മാറ്റാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.