മൂന്നാമത്തെ ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുമായി സെക്യൂറ 

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകാരമുള്ള റിയല്‍ എസ്റ്റേറ്റ് വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടായ സെക്യൂറ, ഇസ്ലാമിക് ഫിനാന്‍സില്‍ അധിഷ്ഠിതമായ മൂന്നാമത്തെ ഫണ്ടുമായി വിപണിയിലത്തെി. പലിശരഹിത സംവിധാനത്തില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവരെ ലക്ഷ്യമിടുന്ന സെക്യൂറ ഇന്ത്യ റിയാലിറ്റി എ.ഐ.എഫ് -ഒന്ന് എന്ന ഫണ്ടില്‍ മൂന്നു വര്‍ഷം കൊണ്ടു ഗഡുക്കളായി അടച്ചു തീര്‍ക്കാവുന്ന ഒരു കോടി രൂപയാണ് ചുരുങ്ങിയ നിക്ഷേപം. അടുത്ത നാലുവര്‍ഷം കൊണ്ട് നിക്ഷേപം നടത്തി വരുമാനമടക്കം തിരിച്ചുനല്‍കുന്ന ഏഴുവര്‍ഷ ക്ളോസ്ഡ് എന്‍ഡ് ഫണ്ടാണിത്. 
ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്മെന്‍റ് റെഗുലേഷന്‍സ് 2012 പ്രകാരമാണ് സെബി അംഗീകാരം നല്‍കിയിരിക്കുന്നത്. 300 കോടിയാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയാണ് നിക്ഷേപ അവസരം. റിയല്‍ എസ്റ്റേറ്റ്  വെഞ്ച്വര്‍ ക്യാപിറ്റല്‍ വഴി വാണിജ്യ, റെസിഡന്‍ഷ്യല്‍ പ്രോജക്ട് രംഗത്ത് 2008 മുതല്‍ സജീവ സാന്നിധ്യമാണ് സെക്യൂറ. മുംബൈ ആസ്ഥാനമായ ഐ.എല്‍.എഫ്.എസ് ട്രസ്റ്റ് ലിമിറ്റഡ് ആണ് ഫണ്ടിന്‍െറ ട്രസ്റ്റി. പലിശരഹിത പങ്കാളിത്ത വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ടിന് ശരിയ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 
2009ല്‍ തുടക്കമിട്ട സെക്യൂറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ഫണ്ട് ഡൊമസ്റ്റിക് സ്കീം ഒന്ന് 2014ല്‍ പൂര്‍ത്തീകരിച്ചിരുന്നു. 18 ശതമാനം ലാഭവിഹിതമാണ് ഈ ഫണ്ട് യൂനിറ്റ് ഉടമകള്‍ക്ക് നല്‍കിയത്. രണ്ടാമത്തെ ഫണ്ട് ഡൊമസ്റ്റിക് സ്കീം ഉപയോഗിച്ചുള്ള പദ്ധതികളുടെ നിര്‍മാണം നടന്നുവരുകയാണ്. കുറഞ്ഞ നിക്ഷേപം അഞ്ചുലക്ഷം രൂപയായിരുന്നത് രണ്ടാമത്തെ ഫണ്ടില്‍ മികച്ച പ്രതികരണത്തിനിടയാക്കിയിരുന്നു. 
പുതിയ ഫണ്ടില്‍ സെബിയുടെ നിക്ഷേപ സംഖ്യ ആദ്യം 10 ശതമാനവും പിന്നീട് 8.5 ശതമാനം വീതം ത്രൈമാസ അടവുകളില്‍ മൂന്നുവര്‍ഷം കൊണ്ടും നല്‍കാം. ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍മാര്‍ കൈകാര്യംചെയ്യുന്ന ഫണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പുതിയ പ്രോജക്ടുകളിലും മികച്ച ബില്‍ഡര്‍മാര്‍ക്കായി ജോയന്‍റ് വെഞ്ച്വര്‍ പ്രോജക്ടുകളിലുമായാണ് നിക്ഷേപം നടത്തുക. പദ്ധതി പൂര്‍ത്തീകരിച്ചശേഷം വില്‍പന നടത്തി ലാഭവിഹിതം നിക്ഷേപകരും കമ്പനിയും വീതിച്ചെടുക്കും. മുന്‍ സ്കീമുകളിലേതുപോലെ 80 ശതമാനം ലാഭവിഹിതവും നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കുമെന്നും 15 ശതമാനത്തില്‍ താഴെയാണ് വാര്‍ഷിക റിട്ടേണെങ്കില്‍ 100 ശതമാനവും നിക്ഷേപകര്‍ക്കായി മാറ്റിവെക്കുന്നതാണ് ഫണ്ടിന്‍െറ പ്രത്യേകതയെന്നും കമ്പനി പറയുന്നു. 
ഹൈലൈറ്റ് ബില്‍ഡേഴ്സ് എം.ഡിയും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്്സ് ഡയറക്ടറുമായ എം.എ. മെഹബൂബ് ആണ് സെക്യൂറ ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍െറ എം.ഡി. സദ്ഭാവന വേള്‍ഡ് സ്കൂള്‍ സി.ഇ.ഒ കെ.ഇ ഹരീഷ്, ഹൈലൈറ്റ് ഗ്രൂപ് ചെയര്‍മാന്‍ പി. സുലൈമാന്‍, റിസള്‍ട്ട് കണ്‍സള്‍ട്ടന്‍സി ഗ്രൂപ് സി.ഇ.ഒ ടിനി ഫിലിപ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ഹാമിദ് ഹുസൈന്‍ കെ.പി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ള നൗഷാദ് കെ.പി തുടങ്ങിയവരാണ് ഡയറക്ടര്‍മാര്‍. കെ.പി.എം.ജി ആണ് ഫണ്ടിന്‍െറ ഓഡിറ്റര്‍മാര്‍. 
ആറോളം ബഹുനില വാണിജ്യ സമുച്ചയങ്ങളുള്‍പ്പെടെയുള്ളവയാണ് ആദ്യ രണ്ടു ഫണ്ടുകള്‍കൊണ്ടു പൂര്‍ത്തിയാക്കിയവയില്‍ പ്രധാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.