ഏപ്രിൽ ഒന്ന് മുതൽ നികുതി നിയമങ്ങളിലും മാറ്റങ്ങൾ; 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിലേക്ക് (2026-27) രാജ്യം കടക്കുമ്പോൾ, നികുതി, ബാങ്കിങ്, യാത്രാ മേഖലകളിൽ വലിയ മാറ്റങ്ങളാണ് ഏപ്രിൽ 1 മുതൽ നടപ്പിലാകുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നവയാണിവ. 

1. പുതിയ ആദായനികുതി നിയമം

ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961ലെ നിയമത്തിന് പകരം പുതിയ 'ഇൻകം ടാക്സ് ആക്ട് 2025' നിലവിൽ വരും. നികുതി നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെക്ഷനുകളുടെ എണ്ണം 819ൽ നിന്ന് 536 ആയി കുറച്ചു. 'അസസ്‌മെന്റ് ഇയർ' എന്നതിന് പകരം ഇനി മുതൽ 'ടാക്സ് ഇയർ' എന്ന പദമാകും ഉപയോഗിക്കുക.

2. 12 ലക്ഷം രൂപ വരെ നികുതിയില്ല

പുതിയ നികുതി വ്യവസ്ഥ പ്രകാരം 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല. സെക്ഷൻ 87A പ്രകാരമുള്ള ഉയർന്ന റിബേറ്റാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ശമ്പളക്കാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

3. ടി.ഡി.എസ് (TDS) ഫോമുകളിൽ മാറ്റം

നികുതി നടപടികൾ എളുപ്പമാക്കുന്നതിനായി പഴയ ഫോമുകൾക്ക് പകരം പുതിയവ വരുന്നു. ഫോം 16ന് പകരം ഇനി 'ഫോം 130'-ഉം, ഫോം 16Aക്ക് പകരം 'ഫോം 131'ഉം ആകും ഉപയോഗിക്കുക.

4. പാൻ കാർഡിന് കർശന നിയമം

ഇനി മുതൽ പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ജനനത്തീയതി തെളിയിക്കാൻ ആധാർ കാർഡ് മാത്രം മതിയാകില്ല. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ ബർത്ത് സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിർബന്ധമായും നൽകണം.

5. ഗോൾഡ് ബോണ്ട് നികുതി

റിസർവ് ബാങ്ക് വഴി നേരിട്ട് വാങ്ങുന്ന ഗോൾഡ് ബോണ്ടുകൾക്ക് മാത്രമേ ഇനി കാലാവധി പൂർത്തിയാകുമ്പോൾ നികുതി ഇളവ് ലഭിക്കൂ. സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വാങ്ങുന്ന ബോണ്ടുകളുടെ ലാഭത്തിന് (Capital Gains) ഇനി മുതൽ നികുതി നൽകേണ്ടി വരും.

6. വിദേശയാത്ര ചിലവേറും

വിദേശ ടൂർ പാക്കേജുകൾക്ക് ഏപ്രിൽ 1 മുതൽ തുക എത്രയായാലും 2% ഫ്ലാറ്റ് ടി.സി.എസ് (TCS) ബാധകമാകും. മുമ്പുണ്ടായിരുന്ന പരിധികൾ ഇതോടെ ഇല്ലാതാകും.

7. എ.ടി.എം പിൻവലിക്കൽ നിയമങ്ങൾ

എച്ച്.ഡി.എഫ്.സി ബാങ്ക്: യു.പി.ഐ വഴി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഇനി സൗജന്യ പരിധിയിൽ ഉൾപ്പെടുത്തും. പരിധി കഴിഞ്ഞാൽ ഓരോ തവണയും 23 രൂപ നൽകണം.

ബന്ധൻ ബാങ്ക്: മെട്രോ നഗരങ്ങളിൽ 3 തവണയും അല്ലാത്തയിടങ്ങളിൽ 5 തവണയും മാത്രമേ സൗജന്യമായി പണം പിൻവലിക്കാനാകൂ. ബാലൻസ് ഇല്ലാത്തതിനാൽ ഇടപാട് പരാജയപ്പെട്ടാൽ 25 രൂപ പിഴ ഈടാക്കാനും സാധ്യതയുണ്ട്.

8. ഐ.ടി.ആർ (ITR) തിരുത്താൻ കൂടുതൽ സമയം

ആദായനികുതി റിട്ടേണിൽ തിരുത്തലുകൾ വരുത്താൻ ഇനി 12 മാസം വരെ സമയം ലഭിക്കും. എന്നാൽ ആദ്യ 9 മാസത്തിന് ശേഷം ഫയൽ ചെയ്താൽ പിഴ നൽകേണ്ടി വരും.

Tags:    
News Summary - 10 Financial Updates after april 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.