പെപ്പർഫ്രൈ സി.ഇ.ഒ അംബരീഷ് മൂർത്തി അന്തരിച്ചു; നിര്യാണം ഹൃദയാഘാതത്തെത്തുടർന്ന്​

ശ്രീനഗർ: ഫർണിച്ചർ ശൃംഖലയായ പെപ്പർഫ്രൈ സഹസ്ഥാപകനും സി.ഇ.ഒയും വ്യവസായിയുമായി അംബരീഷ് മൂർത്തി അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ലഡാക്കിലാണ് അന്ത്യം. ബിസിനസ് പങ്കാളി ആശിഷ് ഷായാണു വിവരം പുറത്തുവിട്ടത്.

‘എന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനും ആത്മമിത്രവുമെല്ലാമായ അംബരീഷ് മൂർത്തി മരിച്ച വിവരം അത്യധികം വേദനയോടെയാണ് അറിയിക്കുന്നത്. ഇന്നലെ ലേയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം’ -ആശിഷ് ട്വീറ്റ് ചെയ്തു.

കൽക്കട്ട ഐ.ഐ.എം പൂർവ വിദ്യാർഥിയാണ് അംബരീഷ്. 2012ൽ ആശിഷിനൊപ്പം ചേർന്നാണ് അംബരീഷ് മുംബൈയിൽ ഫർണിച്ചർ കമ്പനിക്കു തുടക്കമിടുന്നത്. 1996ൽ ചോക്ലേറ്റ് നിർമാതാക്കളായ കാഡ്ബറിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലൂടെയാണ് കരിയറിന്‍റെ തുടക്കം. ഇവിടെ അഞ്ചര വർഷം ജോലി ചെയ്ത ശേഷം ഐ.സി.ഐ.സി.ഐയിൽ മാർക്കറ്റിങ് ആൻഡ് കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് ആയി ചേർന്നു.

ഇതിനുശേഷം ലിവൈസിലും ബ്രിട്ടാനിയയിലും ഇ-ബേ ഇന്ത്യയിലുമെല്ലാം പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ലിവൈസിൽ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹം തന്റെ സ്വന്തം സംരംഭമായ ഒറിജിൻ റിസോഴ്‌സ് ആരംഭിച്ചത്. 2005-ൽ അദ്ദേഹം സ്റ്റാർട്ടപ്പ് അടച്ചുപൂട്ടി ബ്രിട്ടാനിയയിൽ മാർക്കറ്റിങ്​ മാനേജരായി ചേർന്നു. 2011 ജൂണിലാണ്​ ആശിഷ് ഷായ്‌ക്കൊപ്പം പെപ്പർഫ്രൈ ആരംഭിച്ചത്​. പ്രധാനമായും ഫർണിച്ചറുകൾ വിൽക്കുന്ന ഓൺലൈൻ പോർട്ടലാണ്​ പെപ്പർഫ്രൈ.


Tags:    
News Summary - Pepperfry co-founder Ambareesh Murty dies of cardiac arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.