റബർ ബോർഡിനെ ‘നോക്കുകുത്തി’യാക്കി ടയർ കമ്പനികളുടെ തന്നിഷ്ടം

കോട്ടയം: റബർ ബോർഡിന്‍റെ വില കാറ്റിൽപറത്തി ടയർ കമ്പനികൾ തോന്നുന്ന വിലയ്ക്ക് റബർ സംഭരിക്കുന്നത് വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്ന് റബർ കൊണ്ടുവന്ന് കേരളത്തിലെ റബർ വിലയിടിക്കാനുള്ള ശ്രമം നേരത്തേ ടയർ കമ്പനികളും വൻകിട വ്യാപാരികളും നടത്തിയിരുന്നു. ഇത് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇവിടെനിന്ന് റബർ വാങ്ങിത്തുടങ്ങിയത്. പക്ഷേ, ഇതിലൂടെ ചില ടയർ കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുകയാണ്.

അർഹിക്കുന്ന വില ലഭിച്ചാൽ മാത്രം റബർ വിറ്റാൽ മതിയെന്ന നിലപാട് കർഷകർ സ്വീകരിച്ചതിനെത്തുടർന്നാണ് ഇവിടെനിന്ന് റബർ സംഭരിക്കാൻ കമ്പനികൾ നിർബന്ധിതരായത്. റബർഷീറ്റ് കച്ചവടത്തിന് ആധാരമായി വിപണിയിൽ കണക്കാക്കുന്നത് റബർബോർഡ് പ്രസിദ്ധപ്പെടുത്തുന്ന വിലയാണ്.

എന്നാൽ, ഈ വിലയിൽനിന്ന് താഴ്ത്തിയാണ് കമ്പനികൾ വിപണിയിൽനിന്ന് ഷീറ്റ് വാങ്ങുന്നത്. റബർ ബോർഡ് വിലയും വ്യാപാരവിലയും തമ്മിൽ കിലോക്ക് പത്തുരൂപയൊക്കെ വ്യത്യാസമുണ്ട്. നിലവിൽ ചില ടയർ കമ്പനികളുടെ കൈകളിലേക്ക് കേരളത്തിലെ റബർവിപണി എത്തിപ്പെട്ടെന്ന് കർഷകർ പറയുന്നു. പല മൊത്തക്കച്ചവടക്കാരും വിപണി വിലയിൽനിന്ന് മൂന്നും നാലും രൂപ കുറച്ചാണ് ഷീറ്റ് എടുക്കുന്നതെന്ന ആരോപണവും കർഷകർ ഉന്നയിക്കുന്നു.

റബർഷീറ്റുകൾ തൂക്കി വാങ്ങുന്നതിന് ഡിജിറ്റൽ ത്രാസുകൾ ഉപയോഗിക്കണമെന്ന നിർദേശമുണ്ടെങ്കിലും അതും മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. കർഷകർക്ക് ന്യായമായ വില ലഭിക്കുന്നതിനായി റബർ ബോർഡിന്‍റെയും സർക്കാറിന്‍റെയും അടിയന്തര ഇടപെടലുണ്ടാകണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു. 

Tags:    
News Summary - Tire companies price decision creates crisis in rubber market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT